ചെറുപട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും നിരവധിപേര്‍; ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കിത് ചാകരക്കാലം

Update: 2019-10-26 07:45 GMT

ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക് ഉത്സവ സെയിലില്‍ മാത്രമല്ല മൊത്തവില്‍പ്പനയിലും ചാകരക്കാലമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വെബ്‌സൈറ്റായ പെപ്പര്‍ ഫ്രൈയ്ക്ക് 50 ശതമാനം വര്‍ധനവാണ് സെയ്ല്‍സില്‍ ഉണ്ടായിരിക്കുന്നതെന്ന് പെപ്പര്‍ ഫ്രൈ സഹസ്ഥാപകന്‍ അംബരിഷ് മൂര്‍ത്തി പ്രമുഖ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. പെപ്പര്‍ഫ്രൈയ്ക്ക് മാത്രമല്ല സ്‌നാപ്ഡീലിനും 52 ശതമാനം വളര്‍ച്ചയാണ് സെയ്ല്‍സില്‍ നേടാനായത്. ഈ ദാപാവലി സെയ്ല്‍സിലെ ട്രെന്‍ഡ് അനുസരിച്ച് മെട്രോ നഗരങ്ങളില്‍ നിന്ന് നേടിയ സെയിലുകളെക്കാള്‍ നോണ്‍ മെട്രോ നഗരങ്ങളില്‍ നിന്നും നേടാനായി എന്നുള്ളത് തങ്ങളെ അതിശയിപ്പിക്കുന്നുവെന്ന് ഇവര്‍ പറയുന്നു.

സ്‌നാപ്ഡീലിന്റെ സെയില്‍സ് 120 നോണ്‍മെട്രോ നഗരങ്ങളിലേക്ക് കൂടി വളര്‍ന്നതായാണ് കമ്പനി വക്താവ് പറയുന്നത്. ഇത് കഴിഞ്ഞ കാലത്തെക്കാള്‍ രണ്ടിരട്ടി വളര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്നും വ്യക്തമാകുന്നു. പത്ത് സ്‌നാപ്ഡീല്‍ വില്‍പ്പനയില്‍ ഒമ്പതും ചെറുപട്ടണങ്ങളില്‍ നിന്നുമാണ്. ബിഗ്ബാസ്‌ക്കറ്റ്, ബ്ലൂ സ്റ്റോണ്‍ തുടങ്ങിയവയുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 70-80 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

കൊല്‍ക്കത്ത, ബീഹാര്‍, വെസ്റ്റ് ബെംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ടയര്‍ രണ്ട് നഗരങ്ങളിലാണ് തങ്ങളുടെ ഏറ്റവും വലിയ വളര്‍ച്ചാശതമാനം നേടാനായതെന്ന് ക്ലബ്ഫാക്ടറി സെയ്ല്‍സ് ടീം വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ജൂവല്‍റി റീറ്റെയ്‌ലറായ ബ്ലൂസ്‌റ്റോണ്‍ പറയുന്നത് ഓരോ വര്‍ഷവും ചെലവഴിക്കുന്ന ഓര്‍ഡര്‍ തുക കണക്കിലെടുത്താല്‍ 50,000 ത്തില്‍ നിന്നും 60,000 ത്തിലേക്ക് എത്തിയിരിക്കുന്നതായാണ്.

മെട്രോയ്ക്കിഷ്ടം ഇലക്ട്രോണിക്‌സ്

മെട്രോ നഗരങ്ങളിലെ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്ന സെയ്ല്‍സ് കൂടുതല്‍ ശക്തിപ്രാപിച്ചതായും മൊബൈല്‍ ഫോണിലും മറ്റ് ഇലക്ട്രോണിക്‌സ് ഐറ്റംസിലുമാണ് അവര്‍ കൂടുതല്‍ പണം ചെലവിടുന്നതെന്നുമാണ് ചൈനീസ് ഇ- കോമേഴ്‌സ് വെബ്‌സൈറ്റ് ക്ലബ്ഫാക്ടറി സിഇഓ വിന്‍സെന്റ് ലൂ പറയുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് ഓണ്‍ലൈന്‍ ഡേറ്റ പ്ലാനുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായത് കൊണ്ട് തന്നെയെന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് മേധാവികള്‍ വിലയിരുത്തുന്നു. എന്നിരുന്നാലും ഇപ്പോഴും 440 ദശലക്ഷം ഇന്റര്‍നെറ്റ് യൂസേഴ്‌സില്‍ ഇപ്പോഴും 100 ദശലക്ഷം പേര്‍ മാത്രമേ ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ നിന്ന് ഷോപ്പിംഗ് നടത്തുന്നുള്ളു എന്നതും വ്യക്തമാണ്.

സ്‌നാപ്ഡീലും പെപ്പര്‍ഫ്രൈയുമെല്ലാം വളര്‍ച്ചാ സാധ്യതകള്‍ കാണുന്നുണ്ടെങ്കിലും ഇപ്പോഴും ഈ മേഖലയിലെ രാജാക്കന്മാര്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും തന്നെ.

Similar News