ബൈജൂസിന്റെ ₹9,400 കോടിയുടെ ഇടപാടുകള്‍ക്കെതിരെ നോട്ടീസ് അയച്ചിരുന്നുവെന്ന് വ്യക്തമാക്കി ഇ.ഡി.
2011നും 2023നും ഇടയില്‍ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ബൈജൂസിന് ലഭിച്ചത്
ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് (Enforcement Directorate) 9,400 കോടി രൂപയുടെ ഇടപാടിനെതിരെ അയച്ച കാര്യവിചാരണ നോട്ടീസ് (show cause notice) ഉള്ളതു തന്നെയെന്നുറപ്പിച്ച് ഇ.ഡി.
വിദേശത്ത് നിന്നുള്ള ഫണ്ട് സ്വീകരിക്കുന്നത് സംബന്ധിച്ച ഫെമ (Foreign Exchange Management Act) നിയമ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബൈജൂസിന് ഇ.ഡി നോട്ടീസ് അയച്ചിരുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ അതിന് തൊട്ടു പിന്നാലെ ബൈജു രവീന്ദ്രന്‍ തങ്ങളുടെ ഓഹരി ഉടമകള്‍ക്കയച്ച കത്തില്‍ പറഞ്ഞത് ഇത്തരത്തിലാണ്; 'ബൈജൂസ് ഫെമ നിയന്ത്രണങ്ങള്‍ എപ്പോഴും പാലിച്ചിരുന്നുവെന്ന് നിങ്ങള്‍ക്ക് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.'
റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നും അത്തരത്തിലൊരു നോട്ടീസും ഇ.ഡിയില്‍ നിന്ന് ബൈജൂസിന് ലഭിച്ചിട്ടില്ല എന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. മാത്രമല്ല ഒരു നിയമ സ്ഥാപനത്തിന് കീഴില്‍ പരിശോധന നടത്തുകയും യാതൊരു തരത്തിലുള്ള ഫെമ നിയമ ലംഘനങ്ങളും കമ്പനി വരുത്തിയിട്ടില്ലെന്നും തെളിഞ്ഞതായി ബൈജു രവീന്ദ്രന്‍ കത്തിലൂടെ വ്യക്തമാക്കി.
ഇ.ഡി വിശദമാക്കി
കത്തിന് തൊട്ടു പിന്നാലെ ഇ.ഡിയും വിശദീകരണവുമായി എത്തി. 9,400 കോടി രൂപയുടെ ക്രമക്കേടുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ഇ.ഡി എത്തിയത്. വിദേശ നിക്ഷേപം സംബന്ധിച്ച് ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനെതിരെ വന്ന പരാതികളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്ന് ഇ.ഡി പറയുന്നു.
ഫെമ 1999 പ്രകാരം കേന്ദ്ര സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാകുന്ന തരത്തിലുള്ള വിദേശ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വാദം.
ഏപ്രിലില്‍ ഇത് സംബന്ധിച്ച് തിങ്ക് ആന്‍ഡ് ലേണിന്റെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രേഖകളില്‍ വിദേശ ഇടപാടുകള്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും ഇ.ഡി കണ്ടെടുത്തിട്ടുമുണ്ടെന്ന് ഇ.ഡി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബൈജു രവീന്ദ്രനെ ചോദ്യം ചെയ്തിട്ടുമുണ്ട്. ഇതിന്റെ സമഗ്ര വിവരങ്ങളും ഇ.ഡിയുടെ കൈവശമുണ്ട്. ഈ പരിശോധനകളുടെ വെളിച്ചത്തിലാണ് 9,400 കോടി രൂപയുടെ ഇടപാട് അനധികൃതമാണോ എന്ന സംശയത്തിൽ ഇ.ഡി നോട്ടീസ് അയച്ചിട്ടുള്ളത്.