മസ്‌കിന്റെ മുമ്പില്‍ 2 ദിവസം, ട്വിറ്റര്‍ ഏറ്റെടുക്കല്‍ വെള്ളിയാഴ്ച പൂര്‍ത്തിയാവുമോ ?
ആറുമാസം മുമ്പാണ് ട്വിറ്റര്‍ ഏറ്റെടുക്കല്‍ മസ്‌ക് പ്രഖ്യാപിച്ചത്
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ ഇലോണ്‍ മസ്‌ക് വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്ന് റിപ്പോര്‍ട്ട്. ഡീല്‍ പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ 27 വൈകിട്ട് 5 മണിവരെയാണ് (ഇന്ത്യന്‍ സമയം ഒക്ടോബര്‍ 28, 2:30 AM) മസ്‌കിന് കോടതി അനുവദിച്ചിരിക്കുന്ന സമയം. ടിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്ന വിവരം മസ്‌ക് സഹനിക്ഷേപകരെ അറിയച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ട്വിറ്ററിനെ വാങ്ങാനുള്ള വായ്പാ ഇടപാടുകള്‍ ബാങ്കുകള്‍ പൂര്‍ത്തീകരിച്ചെന്നും ഡീല്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നുമാണ് വിവരം. നേരത്തെ ട്വറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ പേരില്‍ ഇടപാടുകല്‍ മരവിപ്പച്ച മസ്‌ക് ഈ മാസം അഞ്ചിനാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചത്. 2022 ഏപ്രില്‍ 25ന് ആണ് 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന വാഗ്ദാനം മസ്‌ക് മുന്നോട്ട് വെച്ചത്. ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ച്, ആറാം മാസമാണ് ഡീല്‍ അവസാനിപ്പിക്കുന്നത്.
നിലവില്‍ 9.2 ശതമാനം വിഹിതവുമായി ട്വിറ്ററിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് മസ്‌ക്. ഓഹരി ഒന്നിന് 54.20 ഡോളറാണ് ട്വിറ്ററിന് മസ്‌ക് നല്‍കുന്നത്. നിലവില്‍ 52.78 ഡോളറാണ് ട്വിറ്റര്‍ ഓഹരികളുടെ വില. ട്വിറ്റര്‍ വാങ്ങുന്നത് ദി എവരിത്തിംഗ് ആപ്പ് 'എക്‌സ്' സൃഷ്ടിക്കാന്‍ ഗുണം ചെയ്യുമെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. മസ്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന സൂപ്പര്‍ ആപ്ലിക്കേഷന്‍ ആണ് എക്‌സ്.