ട്വിറ്റര്‍ മസ്‌കിന് സ്വന്തം; സിഇഒ പരാഗ് അഗര്‍വാള്‍ അടക്കമുള്ളവര്‍ പുറത്തായെന്ന് റിപ്പോര്‍ട്ട്

ട്വിറ്ററിലെ ജീവനക്കാരില്‍ 75 ശതമാനം പേരെയും പിരിച്ചുവിട്ടേക്കുമെന്ന സൂചന ഉണ്ടായിരുന്നു. പരാഗ് അഗര്‍വാളിനെ കൂടാതെ ട്വിറ്റര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, ലീഗല്‍ പോളിസി ഹെഡ് എന്നിവരുടെ സ്ഥാനവും തെറിച്ചു.

Update: 2022-10-28 04:33 GMT

Image:dhanam file

ട്വിറ്റര്‍ (Twitter) ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഇലോണ്‍ മസ്‌ക് (Elon Musk). ഏറ്റെടുക്കല്‍ പ്രഖ്യാപിച്ച് ആറുമാസത്തിന് ശേഷമാണ് നടപടികള്‍ പൂര്‍ത്തായക്കുന്നത്. 2022 ഏപ്രില്‍ 25ന് ആയിരുന്നു 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന വാഗ്ദാനം മസ്‌ക് മുന്നോട്ട് വെച്ചത്. ഓഹരി ഒന്നിന് 52.78 ഡോളര്‍ നല്‍കിയാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്.



ട്വിറ്റര്‍ ഡീല്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സമയം ഒക്ടോബര്‍ 28 വെളുപ്പിന് 2.30വരെയായിരുന്നു മസ്‌കിന് കോടതി അനുവദിച്ച സമയം. ട്വിറ്റര്‍ ഏറ്റെടുത്തതോടെ കമ്പനിയുടെ ഇന്ത്യന്‍ സിഇഒ പരാഗ് അഗര്‍വാളിനെ മസ്‌ക് പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്. പരാഗ് അഗര്‍വാളിനെ കൂടാതെ ട്വിറ്റര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, ലീഗല്‍ പോളിസി ഹെഡ് എന്നിവരുടെ സ്ഥാനവും തെറിച്ചു.

വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ട്വിറ്റര്‍ ഡീലിനായി 13 ബില്യണ്‍ ഡോളറാണ് മസ്‌കിന് ബാങ്കുകള്‍ വായ്പ എടുത്തത്. സെക്കോയ ക്യാപിറ്റല്‍, ബിനാന്‍സ്, ഖത്തര്‍ ഇന്‍വസ്റ്റ്മെന്റ് അതോറിറ്റി ഉള്‍പ്പടെയുള്ളവരും ഇടപാടില്‍ സഹനിക്ഷേപകരായി ഉണ്ട്. ട്വിറ്ററിനെ മസ്‌ക് എങ്ങനെയാവും പുനക്രമീകരിക്കുക എന്നതാണ് മേഖല ഉറ്റുനോക്കുന്നത്. അമിത വില നല്‍കിയാണ് ട്വിറ്റര്‍ ഏറ്റെടുക്കുന്നതെന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ട് വരുമാനം ഉയര്‍ത്താനാവും മസ്‌ക് ശ്രമിക്കുക. ഇടപാട് പൂര്‍ത്തിയാവുന്നതോടെ ട്വിറ്ററിലെ ജീവനക്കാരില്‍ 75 ശതമാനം പേരെയും പിരിച്ചുവിട്ടേക്കുമെന്ന സൂചന ഉണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.



Tags:    

Similar News