മുംബൈയിലെ കനത്ത വെദ്യുതി ബില്‍: പരാതി ഏറ്റു ; ഇഎംഐ സൗകര്യമനുവദിച്ച് അദാനി

Update: 2020-07-02 11:49 GMT

കെ.എസ്.ഇ ബോര്‍ഡിനെപ്പോലെ തന്നെ ലോക്ഡൗണ്‍ വേളയില്‍ കനത്ത തുകയുടെ വെദ്യുതി ബില്‍ നല്‍കി ഉപയോക്താക്കളെ ഞെട്ടിക്കുകയും ന്യായീകരണ നീക്കങ്ങള്‍ ഏല്‍ക്കാതെ പോവുകയും ചെയ്ത ശേഷം 'ഇഎംഐ ഓപ്ഷന്‍'അടക്കം രോഷമടക്കാനുള്ള വിവിധ നടപടികളിലേക്കു നീങ്ങുന്നു മുംബൈയില്‍ അദാനി ഇലക്ട്രിസിറ്റി ലിമിറ്റഡ്.

മുംബൈയില്‍ സാധാരണ വരുന്ന ബില്‍ തുകയുടെ നാലും അഞ്ചും ഇരട്ടി തുക വന്നതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.അടച്ചിട്ട തന്റെ  ഫ്‌ളാറ്റില്‍ 36,000 രൂപയുടെ വൈദ്യുതി ബില്‍ കിട്ടിയതിന്റെ ഞെട്ടല്‍ ബോളിവുഡ് താരം താപ്‌സി പന്നു പങ്കുവച്ചു.തുടര്‍ന്ന് മലയാളി നടി കാര്‍ത്തിക നായരും തനിക്ക് ജൂണ്‍ മാസത്തില്‍ വന്ന അദാനി ഇലക്ട്രിസിറ്റി മുംബൈയുടെ ബില്‍ കണ്ട് ഷോക്കടിച്ച വിവരം ലോകത്തെ അറിയിച്ചു. ലക്ഷത്തോളം രൂപയാണ് കാര്‍ത്തികയ്ക്ക് വന്ന വൈദ്യുതി ബില്‍. വലിയ അഴിമതിയാണ് അദാനി കമ്പനി നടത്തുന്നതെന്നും മീറ്റര്‍ റീഡിങ് എടുക്കാതെയാണ് ബില്‍ നല്‍കിയതെന്നും നഗരവാസികളായ പലര്‍ക്കും ഇത്തരത്തിലുള്ള അന്യായമായ ബില്ലാണ് ലഭിക്കുന്നതെന്ന് അറിയാന്‍ സാധിച്ചുവെന്നു കാര്‍ത്തിക ട്വീറ്റ് ചെയ്തിരുന്നു.

ഇതോടെ പരിഹാരവുമായി എത്തിയിരിക്കുകയാണ് അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ്. വൈദ്യുതി ബില്ലുകള്‍ തവണകളായി അടയ്ക്കുന്നതിനായി ഇഎംഐ ഓപ്ഷനാണ് പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സാധാരണക്കാരന് സാവധാനം ബില്‍ തുക അടച്ചു തീര്‍ക്കാം. ക്രെഡിറ്റ് കാര്‍ഡ് വഴി ബില്‍ തുക അടയ്ക്കാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താവിന്റെ ആവലാതികള്‍ പരിഹരിക്കുന്നതുവരെ കുടിശ്ശിക അടയ്ക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.ഇ-ബില്‍ സൗകര്യങ്ങള്‍, ഒന്നിലധികം ഡിജിറ്റല്‍ പേയ്മെന്റ് മോഡുകള്‍ എന്നിവയും പ്രഖ്യാപിച്ചു.ഇത്തരം പ്രധാനപ്പെട്ട വിവരങ്ങള്‍ ഉപഭോക്താവുമായി എസ്എംഎസ്, ഇമെയില്‍, വാട്ട്സ്ആപ്പ് വഴി പങ്കുവയ്ക്കും. വെബ്‌സൈറ്റിലൂടെ ഉപയോഗിക്കുന്ന യൂണിറ്റുകളുടെ കൃത്യമായ കണക്ക് ഉപഭോക്താവിന് അറിയാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായുള്ള താരതമ്യവും ബില്ലില്‍ ലഭ്യമാണ്.

വൈദ്യുതി ബില്‍ കൂടാനുളള കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലോക്ഡൗണായതിനാല്‍ ജനങ്ങള്‍ കൂടുതല്‍ സമയം വീടുകളില്‍ ചെലവഴിച്ചു;ചിലര്‍ വീടുകളില്‍ തന്നെ ജോലി ചെയുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഈ കാരണത്താല്‍ തന്നെ വൈദ്യുതി ഉപയോഗത്തിന് സാധാരണ നിലയില്‍ നിന്ന് വര്‍ദ്ധനവ് ഉണ്ടായിരിക്കാമെന്നതിനാലാകാം ബില്‍ തുക കൂടിയതെന്നാണ് അദാനി ഇലക്ട്രിസിറ്റി വ്യക്തമാക്കുന്നത്. മുംബൈയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.ഇതിനാല്‍ തന്നെ വൈദ്യുതി ഉപയോഗം ഇനിയും കൂടിയേക്കാമെന്ന് കമ്പനി പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News