അനില്‍ അംബാനി കുറ്റക്കാരൻ; 453 കോടി നല്‍കിയില്ലെങ്കില്‍ ജയിലെന്ന് സുപ്രീംകോടതി

Update:2019-02-20 12:30 IST

നാലാഴ്ചയ്ക്കുള്ളില്‍ എറിക്‌സണ്‍ ഇന്ത്യക്ക് 453 കോടി രൂപ നല്‍കിയില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ അനുഭവിക്കാൻ തയ്യാറായിക്കൊള്ളാൻ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ അനില്‍ അംബാനിയോട് സുപ്രീംകോടതി.

എറിക്‌സണ്‍ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ അനില്‍ അംബാനി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.

കോടതി ഉത്തരവനുസരിച്ച് നല്‍കേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നല്‍കാത്തതിനാലാണ് എറിക്‌സണ്‍ അംബാനിക്കെതിരെ കോടതിയെ സമീപിച്ചത്.

റിലയന്‍സ് ടെലികോം ചെയര്‍മാന്‍ സതീഷ് സേഥ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ ചെയര്‍പഴ്‌സന്‍ ഛായ വിറാനി എന്നിവരും കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരാണെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഇവര്‍ക്കു ഒരു കോടി രൂപ പിഴ ചുമത്തി. ഒരു മാസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ ഒരു മാസം തടവുശിക്ഷ അനുഭവിക്കണം.

റഫാല്‍ ഇടപാടില്‍ നിക്ഷേപിക്കാന്‍ പണമുള്ള അനില്‍ അംബാനി തങ്ങള്‍ക്കു തരാനുള്ള പണം തരാതിരിക്കുകയാണെന്ന് എറിക്‌സണ്‍ കോടതിയെ അറിയിച്ചിരുന്നു.

കോടതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണപ്രകാരം അനില്‍ നല്‍കാനുള്ള 1600 കോടി 500 കോടിയാക്കി എറിക്സണ്‍ കിഴിവു ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 30 മുമ്പ് മുഴുവന്‍ പണവും കൊടുത്തുതീര്‍ക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും പണം നല്‍കിയില്ല. ഇതേതുടര്‍ന്ന് കമ്പനി സുപ്രീംകോടതിയെ സമീപിചിരുന്നു. 

ജനുവരിയില്‍ കേസ് പരിഗണിച്ചപ്പോള്‍ 118 കോടി രൂപ വരുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ അംബാനിയുടെ അഭിഭാഷകർ ഹാജരാക്കി. എന്നാൽ എറിക്‌സണിന്റെ അഭിഭാഷകൻ ഇത് നിരാകരിച്ചു. ആർകോം കഴിഞ്ഞദിവസം പാപ്പർ ഹർജി നൽകിയിരുന്നു. കമ്പനി ലോ ട്രിബ്യുണൽ ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Similar News