ഇഎസ്ഐ സ്കീമിലേക്ക് തൊഴിലാളികളും തോഴിലുടമകളും നൽകേണ്ട വിഹിതം കേന്ദ്ര സർക്കാർ കുറച്ചു. 22 വർഷത്തിൽ ഇതാദ്യമായാണ് നിരക്കിൽ കുറവ് വരുത്തുന്നത്.
പുതിയ നിരക്ക് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ മൊത്തം ഇഎസ്ഐ കോണ്ട്രിബ്യുഷൻ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 4 ശതമാനമായി കുറയും.
തൊഴിലാളികൾ നൽകേണ്ട വിഹിതം 1.75 ശതമാനത്തിൽ നിന്ന് 0.75 ശതമാനമായും തൊഴിലുടമകൾ നൽകേണ്ട വിഹിതം 4.75 ശതമാനത്തിൽ നിന്നും 3.25 ശതമാനമായുമാണ് കുറച്ചത്.
ഇഎസ്ഐ സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ല. ശേഷിക്കുന്ന തുക കേന്ദ്ര സർക്കാർ വഹിക്കാനാണ് തീരുമാനം.
പുതിയ നീക്കം 3.6 കോടി ജീവനക്കാർക്കും 12.85 ലക്ഷം തൊഴുലുടമകൾക്കും ഗുണം ചെയ്യും. കൂടുതൽ തൊഴിലാളികളെ സ്കീമിന് കീഴിൽ കൊണ്ടുവരാനും കൂടുതൽ പേർ സംഘടിത മേഖലയിലേക്ക് എത്തിച്ചേരാനും ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ.
2018-19 സാമ്പത്തിക വർഷത്തിൽ 22,279 കോടി രൂപയാണ് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന് ലഭിച്ചത്. 36 ദശലക്ഷം തൊഴിലാളികളാണ് ഈ സ്കീമിൽ അംഗങ്ങളായുള്ളത്.