ജെറ്റ് പ്രതിസന്ധി: 'തലയൂരാൻ' വഴിതേടി എത്തിഹാദ്

Update: 2019-03-20 06:34 GMT

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ജെറ്റ് എയർവേയ്‌സിൽ നിന്ന് പുറത്തുകടക്കാൻ വഴിതേടുകയാണ് അബുദാബിയുടെ എത്തിഹാദ് എയർവേയ്സ്. നിലവിൽ എത്തിഹാദിന് ജെറ്റിൽ 24 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ഇതു മുഴുവൻ എസ്ബിഐയ്ക്ക് കൈമാറാൻ തയ്യാറാണെന്നാണ് എത്തിഹാദ് അറിയിച്ചിരിക്കുന്നത്.

എസ്ബിഐ ചെയർമാൻ രജനീഷ് കുമാറുമായി മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയിൽ എത്തിഹാദ് ചീഫ് എക്സിക്യൂട്ടീവ് ടോണി ഡഗ്‌ളസ് തങ്ങളുടെ 'എക്സിറ്റ് പ്ലാൻ' വിശദീകരിച്ചിരുന്നു. ഓഹരിയൊന്നിന് 150 രൂപ എന്ന നിലയിലോ അല്ലെങ്കിൽ മൊത്തം ഷെയറിന് 400 കോടി രൂപ എന്ന നിലയിലോ എസ്ബിഐയ്ക്ക് എത്തിഹാദിന്റെ പങ്ക് വാങ്ങാം എന്നായിരുന്നു ഓഫർ.

കൂടാതെ ജെറ്റിന്റെ സ്ഥിരം യാത്രികർക്കുള്ള പ്രോഗ്രാമായ ജെറ്റ് പ്രിവിലേജിലെ 50.1 ശതമാനം ഓഹരിയും എസ്ബിഐയ്ക്ക് വാങ്ങാമെന്ന നിർദേശവും ഡഗ്‌ളസ് മുന്നോട്ടു വെച്ചിരുന്നു.

കൂടാതെ, എച്ച്എസ്ബിസി ബാങ്കിൽ നിന്ന് ജെറ്റ് സ്വരൂപിച്ച 1000 കോടി രൂപയുടെ എക്സ്റ്റേണൽ കൊമേർഷ്യൽ ബോറോയിങ് (ഇസിബി) ഫെസിലിറ്റി കൂടി എസ്ബിഐ ഏറ്റെടുക്കുമോ എന്ന ചോദ്യവും അദ്ദേഹം രജനീഷ് കുമാറിന് മുന്നിൽ വെച്ചിട്ടുണ്ട്. ഈ ലോൺ ഫെസിലിറ്റിക്കാണ് ജെറ്റ് വായ്പാ തിരിച്ചടവ് മുടക്കിയത്.

എസ്ബിഐ നയിക്കുന്ന ജെറ്റിന്റെ വായ്പാ ദായകരായ ബാങ്ക് കൺസോർഷ്യം ജെറ്റിനായി ഒരു റെസ്ക്യൂ പ്ലാൻ തയ്യാറാക്കിയിരുന്നു.

എന്നാൽ എയർലൈന്റെ സ്ഥാപകനായ നരേഷ് ഗോയൽ ബോർഡിൽ നിന്ന് പുറത്തുപോകാനോ തന്റെ ഓഹരിപങ്കാളിത്തം കുറക്കാനോ തയ്യാറാവാത്തതിനാൽ റെസ്ക്യൂ പ്ലാൻ മുന്നോട്ടു പോയില്ല. പ്രതിസന്ധി നേരിടാൻ എന്ത് നടപടി സ്വീകരിക്കുന്നതിനും ബാങ്കുകൾക്ക് സർക്കാർ സ്വാതന്ത്രം നൽകിയിട്ടുണ്ട്.

ബാങ്കുകളിൽ ഈട് നൽകിയിരിക്കുന്ന ഓഹരികളും ഔട്ട്സ്റ്റാൻഡിങ് തുകയും ഇക്വിറ്റിയായി മാറ്റുമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു.

Similar News