കോവിഡ് കാലത്ത് മൂന്നിരട്ടി വളര്‍ച്ച നേടി ഫ്രഷ് ടു ഹോം
2020-21 സാമ്പത്തിക വര്‍ഷം 8.96 മില്യണ്‍ ഡോളറായിരുന്നു ഫ്രഷ് ടു ഹോമിൻ്റെ വരുമാനം.
കൊവിഡ് കാലത്ത് ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളാണ്. ഓണ്‍ലൈനിലൂടെ ഇറച്ചിയും മീനും ഉള്‍പ്പടെയുള്ളവ വില്‍ക്കുന്ന കമ്പനികള്‍ ജനപ്രിയമായതും ഇക്കാലത്താണ്. ഈ വിഭാഗത്തില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രണ്ട് സംരംഭങ്ങളാണ് ഫ്രഷ് ടു ഹോമും, ലിഷ്യസും. ഇതില്‍ ലിഷ്യസ് ഈ മേഖലയില്‍ നിന്നുള്ള രാജ്യത്തെ ആദ്യ യുണീകോണായി മാറിയിരുന്നു. ഇപ്പോള്‍ അതേ പാതയില്‍ തന്നെയാണ് മലയാളി സ്റ്റാര്‍ട്ടപ്പ് ആയ ഫ്രഷ് ടു ഹോമും.
ഫ്രഷ് ടു ഹോമിന്റെ പ്രവര്‍ത്തന വരുമാനത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായതെന്ന് എന്‍ട്രാക്കര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 2020-21 സാമ്പത്തിക വര്‍ഷം 8.96 മില്യണ്‍ ഡോളറായിരുന്നു ഫ്രഷ് ടു ഹോമിന്റെ വരുമാനം. മുന്‍വര്‍ഷം ഇത് 3.04 ഡോളറായിരുന്നു. ഇന്ത്യയിലും യുഎഇയിലുമായി അഞ്ച് സബ്‌സിഡറികളാണ് ഇവര്‍ക്കുള്ളത്. ഇറച്ചി, കടല്‍ വിഭവങ്ങള്‍ തുടങ്ങി റെഡി-ടു കുക്ക് ഉല്‍പ്പന്നങ്ങള്‍വരെ ഫ്രഷ്
ടു ഹോമിന്റെ പ്ലാറ്റ്‌ഫോം വഴി ലഭ്യമാണ്. വരുമാനത്തിന്റെ 74.6 ശതമാനവും സ്വന്തം സപ്ലൈ ചെയിന്‍ വഴിയുള്ള മീന്‍, ഇറച്ചി തുടങ്ങിയവയുടെ വില്‍പ്പനയിലൂടെ നേടിയതാണ്. മറ്റ് കച്ചവടക്കാര്‍ക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം സേവനങ്ങളും ഫ്രഷ് ടു ഹോം നല്‍കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന കമ്മീഷനിലും 93.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.1.09 മില്യണില്‍ നിന്ന് 2.12 മില്യണിലേക്കാണ് കമ്മീഷന്‍ വരുമാനം ഉയര്‍ന്നത്.
കമ്പനിയുടെ ആകെ ചെലവിന്റെ 47 ശതമാനവും മാര്‍ക്കറ്റിംഗിനായാണ് ഫ്രഷ് ടു ഹോം നീക്കിവെച്ചത്. 2020-21 കാലയളവില്‍ 30.3 മില്യണായിരുന്നു ആകെ ചെലവ്. അതേ സമയം കമ്പനിയുട നഷ്ടം 17 ശതമാനം ഉയര്‍ന്ന് 20.2 മില്യണിലെത്തി. മലയാളികളായ മാത്യു ജോസഫ്, ഷാന്‍ കടവില്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട സംരംഭം ഇറച്ചിയും മീനും നല്‍കുന്നതോടൊപ്പം ആന്റിബയോട്ടിക് ഫ്രീ ചിക്കന്‍ എത്തിച്ചാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ശ്രദ്ധേയമായത്. കൊവിഡ് കാലത്ത് ജനങ്ങള്‍ ശുചിത്വത്തിന് പ്രാധാന്യം കൊടുത്തതും മാര്‍ക്കറ്റുകളില്‍ നിന്ന് ഒഴിഞ്ഞു നിന്നതും ഫ്രഷ് ടു ഹോം ഉള്‍പ്പടെയുള്ള സംരംഭങ്ങള്‍ക്ക് ഗുണകരമാവുകയായിരുന്നു.