ഒറ്റ രാത്രികൊണ്ട് എല്ലാം മാറിമറിഞ്ഞു, ശതകോടീശ്വര പദവി നഷ്ടമായി സാം ബാങ്ക്മാന്‍

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എഫ്ടിഎക്‌സിനെ എതിരാളികളായ ബിനാന്‍സ് ഏറ്റെടുക്കുന്നു എന്ന പ്രഖ്യാപനമാണ് സാമിന് തിരിച്ചടിയായത്. പിന്നീട് എഫ്ടിഎക്‌സിനെ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബിനാന്‍സ് പിന്മാറി

Update:2022-11-10 13:26 IST

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എഫ്ടിഎക്‌സിന്റെ (FTX) സിഇഒ ആയ സാം ബാങ്ക്മാന്‍- ഫ്രൈഡിന്റെ (Sam Bankman-Fried) ശതകോടീശ്വര പദവി നഷ്ടമായി. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരു ദിവസം കൊണ്ട് ബാങ്ക്മാന്റെ ആസ്തി ഇടിഞ്ഞത് 94 ശതമാനത്തോളം ആണ്. എഫ്ടിഎക്‌സിനെ എതിരാളികളായ ബിനാന്‍സ് (Binance) ഏറ്റെടുക്കുന്നു എന്ന പ്രഖ്യാപനം വന്നതാണ് സാമിന് തിരിച്ചടിയായത്.

ബിനാന്‍സ് സിഇഒ Changpeng Zhao ട്വിറ്ററിലൂടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഫ്ടിഎക്‌സ് സാഹായം അഭ്യര്‍ത്ഥിച്ചെന്നും കമ്പനിയെ പൂര്‍ണമായും ഏറ്റെടുക്കുകയാണെന്നും ആയിരുന്നു ബിനാന്‍സ് സിഇഒയുടെ ട്വീറ്റ്. കോയിന്‍ഡെസ്‌കിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിനാന്‍സ് സിഇഒയുടെ ട്വീറ്റിന് മുമ്പ് 15.2 ബില്യണ്‍ ഡോളറോളം ആയിരുന്നു സാമിന്റെ ആസ്തി. ട്വീറ്റ് വന്നതിന് ശേഷം ഒറ്റരാത്രികൊണ്ട് 14.6 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ആസ്തിയില്‍ ഉണ്ടായത്. എന്നാല്‍ പിന്നീട് എഫ്ടിഎക്‌സിനെ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബിനാന്‍സ് പിന്മാറി

Also Read: സാം ബാങ്ക്മാന്‍ : ക്രിപ്‌റ്റോ ലോകത്തെ 'ജെപി മോര്‍ഗന്‍'

2019ല്‍ ആണ് സുഹൃത്ത് ഗ്യാരി വാംഗുമായി ചേര്‍ന്ന് സാം ബാങ്ക്മാന്‍ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് കമ്പനി ആരംഭിച്ചത്. ക്രിപ്റ്റോ വിപണി തകര്‍ന്നപ്പോള്‍ പ്രതിസന്ധിയിലായ എക്സ്ചേഞ്ചുകളെയും സ്ഥാപനങ്ങളെയും സഹായിക്കാന്‍ സാം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണമെല്ലാം ചെലവഴിക്കുമെന്ന പ്രഖ്യാപനത്തോടെ വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് സാം ബാങ്ക്മാന്‍. കഴിഞ്ഞ വര്‍ഷം 50 മില്യണ്‍ ഡോളറാണ് സാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.

Tags:    

Similar News