ഇന്ധന വിലവര്‍ധന; ഹൗസ്‌ബോട്ട് വ്യവസായം കൂടുതല്‍ പ്രതിസന്ധിയില്‍

പെട്രോള്‍, ഡീസല്‍ വില വര്‍ധന മാത്രമല്ല ഒപ്പം വര്‍ധിക്കുന്ന ചെലവുകളും ഹൗസ്‌ബോട്ട് മേഖലയിലെ സംരംഭകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. വരവു ചെലവുകള്‍ തമ്മില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് ഇവര്‍.

Update:2021-02-19 12:51 IST

കേരളത്തില്‍ ടൂറിസം രംഗത്തെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഹൗസ്‌ബോട്ടുകളും ടൂറിസ്റ്റ് ബോട്ടുകളും ശിക്കാര വള്ളങ്ങളും അടങ്ങുന്ന ടൂറിസ്റ്റ് ബോട്ട് മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് കടന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധിയില്‍ നിന്നും കരകയറാമെന്ന പ്രതീക്ഷയിലാണ് ഗ്രാന്റ് കിട്ടാത്ത സംരംഭകര്‍ പോലും കടമെടുത്തും വ്യക്തിഗത ലോണുകള്‍ വഴിയുമെല്ലാം ഹൗസ്‌ബോട്ടുകളും മറ്റ് ബോട്ടുകളുമെല്ലാം അറ്റകുറ്റപ്പണി നടത്തിയത്.

ലോക്ഡൗണ്‍ കാലത്ത് പൂര്‍ണമായും നിശ്ചലമായിരുന്ന മേഖല വലിയ ലാഭത്തിലല്ലയെങ്കിലും ഉണര്‍വിലേക്ക് വരുകയായിരുന്നു. എന്നാല്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് വന്നതോടെ ആകെ കിട്ടിയിരുന്ന പ്രതിദിന ലാഭം ഇല്ലാതായെന്ന് ആലപ്പുഴ ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധിയും റോയല്‍ റിവര്‍ ക്രൂയിസിന്റെ മാനേജിംഗ് ഡയറക്റ്ററുമായ രാഹുല്‍ രമേഷ് പറയുന്നത്.
'1500 ഓളം ഹൗസ്‌ബോട്ടുകളാണ് ആലപ്പുഴ, കുമരകം ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഹൗസ്‌ബോട്ടുകളില്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന പതിനായിരക്കണക്കിനു വരുന്ന തൊഴില്‍ സമൂഹത്തെ മാത്രമല്ല, സംരംഭക വായ്പയെടുത്തും സ്വകാര്യ വായ്പാ സ്ഥാപനങ്ങളില്‍ നിന്നു കടമെടുത്തും സ്വര്‍ണം വിറ്റും വീട് പണയപ്പെടുത്തിയും മറ്റും ബിസിനസ് പച്ച പിടിപ്പിക്കാമെന്നു കരുതിയ ഞാനുള്‍പ്പെടുന്ന നിരവധി സംരംഭകരെയാണ് ഈ പ്രതിസന്ധി ശ്വാസം മുട്ടിക്കുന്നത്.'' രാഹുല്‍ വ്യക്തമാക്കുന്നു.
'കോവിഡിന് ശേഷം അന്യസംസ്ഥാനത്തു നിന്നുള്ള സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈ വിലവര്‍ധനവ് കൂടി വന്നതോടെ വളരെയധികം സാമ്പത്തിക ഞെരുക്കത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദിവസം 1200 മുതല്‍ 1500 രൂപയ്ക്ക് വരെ ഡീസല്‍ എടുത്തുകൊണ്ടിരുന്ന ഒരു ബോട്ടിന് ഇപ്പോള്‍ 1400 മുതല്‍ 1800 രൂപ വരെ ഡീസല്‍ ചെലവ് ഉയര്‍ന്നിട്ടുണ്ട്. ജനറേറ്ററില്‍ എസിയുള്‍പ്പെടുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ബോട്ടുകള്‍ക്ക് 2000 രൂപയെന്ന ഡീസല്‍ ചെലവില്‍ നിന്നും നേരെ 2500 മുതല്‍ 3000 രൂപവരെ ഒരു ദിവസം ചെലവുയര്‍ന്നിരിക്കുകയാണ്. ഈ നിലയ്ക്കാണ് ചെലവുകള്‍ ഉയര്‍ന്നിട്ടുള്ളത്. ഒരു മാസത്തെ ചെലവ് കണക്കാക്കുമ്പോള്‍ വലിയ ഒരു ഉയര്‍ച്ച തന്നെ ഇത്തരത്തില്‍ കാണാന്‍ കഴിയും. ഒരുപരിധിയില്‍ കവിഞ്ഞ് പാക്കേജ് റേറ്റുകള്‍ ഉയര്‍ത്താനും കഴിയില്ല എന്നതാണ് അവസ്ഥ' ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബിജു പുന്നമട പറയുന്നു.
കോവിഡ് വന്നതോടെ ഹൗസ്‌ബോട്ടുകള്‍ നേര്‍ പകുതിയായാണ് പാക്കേജുകള്‍ വെട്ടിക്കുറച്ചത്. ഇതിനാല്‍ തന്നെ പ്രവര്‍ത്തനവരുമാനത്തില്‍ ലാഭം എന്നത് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് ആലപ്പുഴ, കുമരകം ഹൗസ്‌ബോട്ട് മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഇന്ധന വില വര്‍ധനവ് കൂടെ വന്നതോടെ പലചരക്ക് പച്ചക്കറി വിലയും ഉയരും. ഇതും പ്രതിസന്ധി രൂക്ഷമാക്കും. വിദേശികളെ എയര്‍പോര്‍ട്ടില്‍ നിന്നും ഹൗസ്‌ബോട്ടുകളിലേക്ക് എത്തിക്കാന്‍ ഓടുന്ന ടാക്‌സി ഡ്രൈവര്‍മാരും ചാര്‍ജുകള്‍ കൂട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ എല്ലാ തരത്തിലുമുള്ള അധിക ചെലവുകള്‍ മേഖലയ്ക്ക് പ്രഹരമേല്‍പ്പിക്കുകയാണെന്നതാണ് വാസ്തവം.


Tags:    

Similar News