സൗദി അരാംകോയുമായി സഹകരിക്കാന്‍ അദാനി, ഓഹരികള്‍ സ്വന്തമാക്കിയേക്കും

ഇരു കമ്പനികളും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം

Update: 2022-03-19 05:48 GMT

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുമായി സഹകരിക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്. അരാംകോയുടെ ഓഹരികള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അദാനി ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അരാംകോയുമായും സൗദി പൊതു നിക്ഷേപ ഫണ്ടുമായും ചേര്‍ന്ന് പൊതു നിക്ഷേപ സാധ്യതകളെക്കുറിച്ചും മറ്റും ഇരു കമ്പനികളും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.

റിനീവബില്‍ എനര്‍ജി, വളം, കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ അരാംകോയുടെ ഉപസ്ഥാപനമായ സാബിക്കുമായി അദാനി ഗ്രൂപ്പ് പദ്ധതികള്‍ അവിഷ്‌കരിക്കും. എന്നാല്‍ വിഷയത്തില്‍ ഇരു കമ്പനികളും ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ മാസം അരാംകോയുടെ നാല് ശതമാനം ഓഹരികള്‍ സൗദി ഭരണകൂടം പൊതു നിക്ഷേപ ഫണ്ടിന് നല്‍കിയിരുന്നു. ഇന്ത്യയില്‍ ദീര്‍ഘനാളായി നിക്ഷേപ സാധ്യതകള്‍ തേടുന്ന കമ്പനിയാണ് അരാംകോ. നേരത്തെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള 1500 കോടി ഡോളറിന്റെ ഡീല്‍ പരസ്പരണ ധാരണയോടെ അരാംകോ ഉപേക്ഷിച്ചിരുന്നു.
2050 ഓടെ നെറ്റ് കാര്‍ബണ്‍ സീറോ എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് അരാംകോയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയിലുള്‍പ്പടെ റിനീവബില്‍ എനര്‍ജി മേഖലയില്‍ കമ്പനി നിക്ഷേപങ്ങള്‍ നടത്തിയേക്കാം. കഴിഞ്ഞ ജനുവരിയില്‍ ദക്ഷിണ കൊറിയന്‍ കമ്പനി പോസ്‌കോയുമായി അദാനി ഗ്രൂപ്പ് കരാറിലെത്തിയിരുന്നു. കൊറിയന്‍ കമ്പനിയുമായി സഹകരിച്ച് ഗുജറാത്തില്‍ ഒരു ഗ്രീന്‍ സ്റ്റീല്‍ മില്‍ സ്ഥാപിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്‌.


Tags:    

Similar News