മൂന്നാം പാദ ഫലങ്ങള്‍ക്ക് ശേഷം എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ക്ക് സംഭവിച്ചതെന്ത്?
ജനുവരി 16 മുതലിതുവരെ ഓഹരിയിലെ ഇടിവ് 15 ശതമാനത്തിലധികം
2023-24 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ മോശം പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനു പിന്നാലെ ഇടിവിലേക്ക് വീണ എച്ച്.ഡി.എഫ്.സി ഓഹരികള്‍ക്ക് ഇതുവരെ നഷ്ടത്തില്‍ നിന്ന് കരകയറാനായില്ല. ഇന്ന് ഒരു ശതമാനത്തിലധികം ഇടിഞ്ഞ് 1,434.90 രൂപയിലെത്തി. നിലവില്‍ 2021 ജനുവരിയിലെ നിലവാരത്തിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. 10.89 ലക്ഷം കോടിയാണ് നിലവിലെ ഓഹരി വിലയനുസരിച്ച് കമ്പനയുടെ വിപണി മൂല്യം. ലയനത്തിനു ശേഷം 14.10 ലക്ഷം കോടിയായിരുന്നു എച്ച്.ഡി.എഫ്.സിയുടെ വിപണിമൂല്യം.
ജനുവരി 16ന് പാദഫലപ്രഖ്യാപനം നടത്തിയതിനു ശേഷമുള്ള ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം 1.35 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് ഒഴുകി പോയത്. പിന്നാലെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ബാങ്കിന്റെ ബാലന്‍സ്ഷീറ്റ് പ്രതീക്ഷ നല്‍കുന്നതല്ലെന്നും വായ്പ വളര്‍ച്ച കുറയാനാണ് സാധ്യയെന്നും അഭിപ്രായപ്പെട്ടത് എരിതീയില്‍ എണ്ണയായി.
ദലാല്‍ സ്ട്രീറ്റിലെ ഏറ്റവും മൂല്യമേറിയ ഓഹരികളിലൊന്നായ എച്ച്.ഡി.എഫ്.സിയുടെ ഓഹരിയില്‍ ജനുവരി 16ന് ശേഷം ഇതുവരെ ഉണ്ടായിരിക്കുന്ന ഇടിവ് 15 ശതമാനത്തിലധികമാണ്. ബാങ്ക് നിഫ്റ്റിയില്‍ 29 ശതമാനത്തോളം വെയിറ്റേജുള്ള ഓഹരിയാണിത്.
അറ്റ പലിശ മാര്‍ജിനില്‍ തട്ടി
മൂന്നാം പാദത്തില്‍ ബാങ്കിന്റെ ലാഭം 33 ശതമാനം വളര്‍ച്ചയോടെ 16,372 കോടിയും അറ്റ പലിശ വരുമാനം 24 ശതമാനം ഉയര്‍ന്ന് 28,470 കോടി രൂപയുമായി. എന്നാല്‍ നെറ്റ് ഇന്ററസ്റ്റ് മാര്‍ജിനില്‍ മുന്‍പാദത്തെ അപേക്ഷിച്ച് കാര്യമായ വ്യത്യാസമില്ലാത്തതാണ് ആശങ്കയ്ക്കിടയാക്കിയത്. മാത്രമല്ല പ്രതീക്ഷച്ചതിനേക്കാള്‍ കുറഞ്ഞ വളര്‍ച്ചയാണ് ഡെപ്പോസിറ്റുകളിലുണ്ടായത്. വായ്പകള്‍ക്കായുള്ള നീക്കിയിരിപ്പ് 50 ശതമാനം വര്‍ധിക്കുകയും ചെയ്തു. ടാക്‌സിനായി 1,500 കോടി നീക്കിവച്ചതാണ് ലാഭം ഉയര്‍ത്തിയത്. അല്ലെങ്കില്‍ പ്രതീക്ഷയേക്കാള്‍ വളരെ താഴെപോകുമായിരുന്നു പാദഫലങ്ങള്‍.
ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനുമായുള്ള (HDFC) ബാങ്കിന്റെ ലയനത്തിന് ശേഷം ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം നേരിയതോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസന്‍ വൈദ്യനാഥന്‍ വിശകലന വിദഗ്ധരോട് പറഞ്ഞിരുന്നു. കൂടാതെ മാര്‍ജിനുകള്‍ കുറയുമെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനെല്ലാം ശേഷമാണ് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികള്‍ ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്.
പ്രതീക്ഷകള്‍ പാളി
ഏതു പ്രതികൂല സാഹചര്യത്തിലും 20 ശതമാനം ലാഭം നല്‍കി വരുന്ന ഓഹരിയെന്നതാണ് ഉയര്‍ന്ന പ്രീമിയത്തിലും എച്ച്.ഡി.എഫ്.സിയെ വാങ്ങാന്‍ കഴിഞ്ഞ പത്തു വര്‍ഷത്തോളമായി നിക്ഷേപകരെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇപ്പോഴത്തെ ഇടിവോടെ നിക്ഷേപകരുടെ പ്രതീക്ഷ മങ്ങുകയാണ്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി എച്ച്.ഡി.എഫ്.സിയുമായുള്ള ലയനത്തിന് മുന്‍പ് 17 ശതമാനമായിരുന്നു. ഇതിനു ശേഷം ഇത് ഇടിഞ്ഞ് ഡിസംബര്‍ അവസാനം 15.8 ശതമാനമായി കുറഞ്ഞു.
ലയനം പൂര്‍ണമായി ഉള്‍ക്കൊണ്ട് പഴയ നിലയിലേക്ക് തിരിച്ചെത്താന്‍ എച്ച്.ഡി.എഫ്.സിക്ക് 4-5 വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്.