ബൈജൂസിന്റെ ആ 'പണം' ഒളിപ്പിച്ചത് എവിടെ? വെളിപ്പെടുത്തിയില്ലെങ്കില്‍ കാത്തിരിക്കുന്നത് ജയില്‍
53.3 മില്യണ്‍ ഡോളര്‍ തിരിച്ചുപിടിക്കാനാണ് വായ്പാദാതാക്കളുടെ ശ്രമം
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് അമേരിക്കന്‍ നിക്ഷേപക സ്ഥാപനത്തില്‍ നിക്ഷേപിച്ച 53.3 കോടി ഡോളറിനെച്ചൊല്ലി (4,430 കോടി രൂപ) കോടിതിപ്പോര് മുറുകുന്നു. അമേരിക്കന്‍ ഹെഡ്ജ് ഫണ്ടായ കാംഷാഫ്റ്റ് കാപ്പിറ്റല്‍ ഫണ്ടാണ് തുക കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, ഈ തുക എവിടെയാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് കാംഷാഫ്റ്റ് വ്യക്തമാക്കിയിട്ടില്ല.
തുക ഇപ്പോഴെവിടെ എന്ന് വെളിപ്പെടുത്തിയില്ലെങ്കില്‍ കാംഷാഫ്റ്റ് സ്ഥാപകന്‍ വില്യം സി. മോര്‍ട്ടണെ കാത്തിരിക്കുന്നത് ജയിലായിരിക്കുമെന്ന മുന്നറിയിപ്പ് യു.എസ് ബാങ്കറപ്റ്റ്‌സി ജഡ്ജ് ജോണ്‍ ഡോര്‍സി നല്‍കിക്കഴിഞ്ഞു.
കഥയുടെ പശ്ചാത്തലവും കരാറിന്റെ ലംഘനവും
അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 120 കോടി ഡോളര്‍ (ഏകദേശം 9,960 കോടി രൂപ) ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ കടമെടുത്തിട്ടുണ്ട്. ഇത് തിരിച്ചടയ്ക്കുന്നതില്‍ ബൈജൂസ് വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് വായ്പാദാതാക്കള്‍ കോടതിയെ സമീപിച്ചത്.
ഇതിനിടെ 53.3 കോടി ഡോളര്‍ ബൈജൂസ് മോര്‍ട്ടണ്‍ ഹെഡ്ജിലേക്കും തുടര്‍ന്ന് മറ്റൊരു വിദേശ ട്രസ്റ്റിലേക്കും മാറ്റിയെന്ന് വായ്പാദാതാക്കള്‍ ആരോപിച്ചു. ഇത്, വായ്പക്കരാറിന്റെ ലംഘനമാണെന്നും പണം തിരികെപ്പിടിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് വായ്പാദാതാക്കള്‍ കോടതിയിലെത്തിയത്. എന്നാല്‍, പണം എങ്ങോട്ടാണ് മാറ്റിയതെന്ന് വെളിപ്പെടുത്തുന്നതിനെ മോര്‍ട്ടണ്‍ എതിര്‍ക്കുകയായിരുന്നു. ഇതിനിടെ മോര്‍ട്ടണ്‍ അമേരിക്കയില്‍ നിന്ന് കടന്നുകളഞ്ഞെന്നും സൂചനകളുണ്ട്.
ബൈജൂസിന്റെ വാദം
പണം മാറ്റിയത് ഉപകമ്പനിയിലേക്കാണെന്നും നിയമലംഘനമോ വായ്പാദാതാക്കളുമായുള്ള കരാര്‍ലംഘനമോ ഇല്ലെന്നുമാണ് ബൈജൂസിന്റെ വാദം. 53.3 കോടി ഡോളര്‍ ബൈജൂസിന്റെ അമേരിക്കയിലെ ഉപകമ്പനിയായ ആല്‍ഫയുടെ പേരിലുള്ളതാണ്. ബൈജൂസ് വായ്പാക്കുടിശിക വരുത്തിയപ്പോള്‍ ആല്‍ഫയുടെ നിയന്ത്രണം വായ്പാദാതാക്കള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, പണം ഇതിനിടെ മോര്‍ട്ടന്‍ ഹെഡ്ജ് ഫണ്ടിലേക്ക് മാറ്റി. ആല്‍ഫയെ പിടിച്ചെടുത്ത വായ്പാദാതാക്കളുടെ നടപടിക്കെതിരെ ബൈജൂസ് കോടതിയെ സമീപിച്ചിട്ടുണ്ട്.