ടൂറിസം മേഖലയില്‍ തിരിച്ചുവരവിന് കളമൊരുങ്ങി; ലക്ഷ്വറി റിസോര്‍ട്ടുകള്‍ക്ക് മാത്രം ഡിമാന്‍ഡ്
കോവിഡ് നിരക്ക് ഉയര്‍ന്ന് തന്നെ, സാധാരണ റിസോര്‍ട്ടുകളിലേക്ക് സഞ്ചാരികളെത്തുന്നില്ല.
ദീപാവലി അവധിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം ഫേളൈറ്റ് സര്‍വീസുകള്‍ എത്തിത്തുടങ്ങുകയും ചെയ്തതോടെ കേരളത്തിലെ ടൂറിസ്റ്റ് സെന്ററുകളില്‍ സഞ്ചാരികളുടെ തിരക്ക് തുടങ്ങി. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ ബുക്കിംഗുകള്‍ കുറവാണെന്ന് മേഖലയിലുള്ളവര്‍.
മൂന്നാറും ആലപ്പുഴയും ഉള്‍പ്പെടെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ദീപാവലിക്ക് വേണ്ടിയുള്ള ബുക്കിംഗുകള്‍ക്ക് അന്വേഷണം വന്നിരുന്നെങ്കിലും താരതമ്യേന എത്തിയ ബുക്കിംഗുകള്‍ കുറവെന്ന് റിപ്പോര്‍ട്ട്. കോവിഡ് ഭീതിയും കേരളത്തിലെ മരണനിരക്ക് കൂടിയതും കാരണമായതായാണ് മേഖലയിലുള്ള പലരുടെയും വിശദാംശങ്ങള്‍.
കോവിഡ് മാനദണ്ഡങ്ങള്‍ക്ക് ഇളവ് വന്നതോടെ സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും മെല്ലെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു. എന്നാല്‍ ദീപാവലി അനുബന്ധിച്ച് കേരളത്തിലേക്കെത്തുന്ന ടൂറിസ്റ്റുകളെ ഒഴുക്ക് ഇത്തവണ കാണാനാകുന്നില്ല.
''ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കുള്ള ഇത്തവണ ബുക്കിംഗ് താരതമ്യേന കുറവാണ്. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബുക്കിംഗുകള്‍ കൂടുതലായി കാണാം. മൂന്നാറിനെ അപേക്ഷിച്ച് വയനാട് ടൂറിസത്തിനാണ് ഇത്തവണ കൂടുതല്‍ ബുക്കിംഗുകളെത്തിയത്. സഞ്ചാരികളുടെ അഭിരുചിയും മാറിയിരിക്കുന്നു. ഹോട്ടല്‍, റിസോര്‍ട്ട് മുറികളെക്കാള്‍ സുരക്ഷിതമായി സമയം ചെലവഴിക്കാനും കുട്ടികളും യുവജനങ്ങള്‍ക്കും റിസോര്‍ട്ടുകളുടെ മതില്‍ക്കെട്ടിനുള്ളില്‍ തന്നെ ആക്റ്റിവിറ്റികളില്‍ ഏര്‍പ്പെടാനുമുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങി.'' ആലോക് ട്രാവല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ആനന്ദ് പറയുന്നു.
സുരക്ഷിത താമസം ഒരുക്കാന്‍ വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ഓഫറുകളും നല്‍കുന്നുണ്ട് വിവിധ റിസോര്‍ട്ടുകളെന്ന് എറണാകുളത്ത് ട്രാവല്‍ ഏജന്‍സി നടത്തുന്ന സംരംഭക പറഞ്ഞു. എറണാകുളം ജില്ലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അന്വേഷണമെത്തുന്നുണ്ടെന്നും ഇടുക്കി ഭാഗത്ത് ഡാമിന്റെ വാര്‍ത്തകള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ സഞ്ചാരികളുടെ അന്വേഷണം കുറഞ്ഞതായും അവര്‍ വ്യക്തമാക്കി.
ഹൗസ്‌ബോട്ടുകള്‍ക്ക് ബുക്കിംഗുകള്‍ എത്തുന്നുണ്ടെന്ന് ആലപ്പുഴ ഹൗസ്‌ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അംഗം രാഹുല്‍ രമേഷ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റേറ്റുകളില്‍ 30 ശതമാനം വരെ താഴ്‌ത്തേണ്ടതായി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കേറ്റുകളുമായി എത്തുമ്പോഴും കോവിഡിനെ കുറിച്ച് അല്‍പ്പം ആശങ്കാകുലരാണെന്നും ആലപ്പുഴയിലെ മോട്ടോര്‍ബോട്ട് സര്‍വീസ് നടത്തുന്ന വ്യക്തി പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്ക് കുറവായിട്ടും കേരളത്തില്‍ കുറയാതെ നില്‍ക്കുന്നതാകാം ദീപാവലി ടൂറിസത്തെയും ബാധിച്ചതെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.