ലാപ്‌ടോപ് ഇറക്കുമതി നിയന്ത്രണങ്ങള്‍ക്ക് ശേഷം, 38 കമ്പനികള്‍ക്ക് പി.എല്‍.ഐ പദ്ധതിയില്‍ താല്‍പര്യം?
ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ ഇന്ത്യ അടുത്തിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു
എച്ച്.പി, ഡെല്‍, ലെനോവോ,ഫോക്‌സ്‌കോണ്‍ തുടങ്ങിയെ പ്രമുഖ ആഗോള ഇലക്ട്രോണിക്‌സ് കമ്പനികള്‍ കേന്ദ്രത്തിന്റെ പുതുക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ടി) ഹാര്‍ഡ്വെയര്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) സ്‌കീമിന് കീഴിലേക്ക്.
പ്രമുഖ കമ്പനികള്‍
കേന്ദ്രത്തിന്റെ പി.എല്‍.ഐസ്‌കീമിന് കീഴില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ (പി.സികള്‍), ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, സെര്‍വറുകള്‍, എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവയുടെ നിര്‍മാണം ആരംഭിക്കാന്‍ മൊത്തം 38 കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.
ഇതിന്റെ ഭാഗമായി ഡെല്‍, എച്ച്.പി, ലെനോവോ, ഫോക്‌സ്‌കോണ്‍, അസ്യൂസ്, ഏസര്‍, ഫ്‌ളക്‌സ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചു. ഈ പദ്ധതിയിലേക്ക് അപേക്ഷിച്ച് 38 അപേക്ഷകളില്‍ ഏകദേശം എട്ട് കമ്പനികള്‍ പദ്ധതിയുടെ പുതുതായി അവതരിപ്പിച്ച 'ഹൈബ്രിഡ്' വിഭാഗത്തിന് കീഴില്‍ അപേക്ഷിച്ചിട്ടുണ്ട്. ഏകദേശം 25 അപേക്ഷകള്‍ പ്രാദേശിക കമ്പനികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം പറയുന്നു.
ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ ഇറക്കുമതിക്ക് കർശന നിയന്ത്രണം
ഉല്‍പ്പാദനത്തില്‍ അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ 3.35 ലക്ഷം കോടി രൂപയുടെ വര്‍ധന ഉണ്ടാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാര്‍ത്താവിനിമയ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ പദ്ധതി 4,000 കോടിയിലധികം രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. 22,880 കോടി രൂപയാണ് ഐ.ടി ഹാര്‍ഡ്വെയര്‍ പിഎല്‍ഐ പദ്ധതിയുടെ വിഹിതം. 2024 ഏപ്രിലില്‍ കമ്പനികള്‍ ഉല്‍പ്പാദനം ആരംഭിക്കും.
ഇറക്കുമതി നിയന്ത്രണ നയം
ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ ഇന്ത്യ അടുത്തിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി) ഇലക്ട്രോണിക്‌സ് ഇനങ്ങളായ ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഓള്‍-ഇന്‍-വണ്‍-പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ചെറിയ ഫോം ഫാക്ടര്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവയെ നിയന്ത്രിത ഇറക്കുമതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇതോടെ പ്രമുഖ ആഗോള ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനികള്‍ക്ക് ഇവ ഇറക്കുമതി ചെയ്യാന്‍ പ്രത്യേക ലൈസന്‍സ് വേണ്ടിവരും. നവംബര്‍ ഒന്നുമുതല്‍ കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് മാത്രമേ ഇന്ത്യയിലേക്ക് ഇവ തുടങ്ങിയവ ഇറക്കുമതി ചെയ്യാനാകൂ. ഇതിനെതിരെ ആപ്പിള്‍, ഇന്റല്‍, ഗൂഗിള്‍, ലെനോവോ, ഡെല്‍ ടെക്നോളജീസ്, എച്ച്.പി തുടങ്ങിയ പ്രമുഖ ആഗോള ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനികള്‍ രംഗത്തു വന്നിരുന്നു.
?