ഇന്ത്യക്കാര്‍ വീണ്ടും പഴയപടി, സാനിറ്റൈസറിന്റെ ഉള്‍പ്പടെ വില്‍പ്പന ഇടിഞ്ഞു

ഹാന്‍ഡ് വാഷിന്റെ വില്‍പ്പനയിലും 36.7 ശതമാനം ഇടിവാണുണ്ടായത്. ആളുകള്‍ കൊവിഡിന് മുമ്പുള്ള ജീവിത രീതിയിലേക്ക് തിരികെ പോവുകയാണ്.

Update:2021-11-09 16:09 IST

കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്ക് വലിയ വിപണിയാണ് ഉണ്ടായത്. ഇന്ത്യക്കാരുടെ ശുചിത്വ ശീലങ്ങളില്‍ കൊവിഡ് ഉണ്ടാക്കിയ മാറ്റം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. മഹാമാരിക്കാലത്തിന് ശേഷവും ഈ ശീലങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ളവയുടെ വിപണി നിലനില്‍ക്കുമെന്നുമായിരുന്നു പ്രവചനം.

എന്നാല്‍ കൊവിഡിന്റെ മൂന്നാം തരംഗ ഭീക്ഷണി നിലനില്‍ക്കെ തന്നെ ശുചിത്വവുമായി ബന്ധപ്പെട്ട ഉത്പങ്ങളുടെ വില്‍പ്പന കുത്തനെ ഇടിയുകയാണെന്നാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ വില്‍പ്പന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ സാനിറ്റൈസറുകളുടെ വില്‍പ്പന 43.3 ശതമാനം ആണ് ഇടിഞ്ഞത്. കൊവിഡിന്റെ തുടക്കത്തില്‍ സാനിറ്റൈസര്‍ ഉത്പാദനം വളരെ കുറവായിരുന്നു. പിന്നീട് വന്‍കിട കമ്പനികള്‍ മുതല്‍ പ്രാദേശിക തലത്തിലെ ചെറു യൂണീറ്റുകള്‍ വരെ സാനിറ്റൈസര്‍ പുറത്തിറക്കി.

ഇന്ന് 100 കണക്കിന് ബ്രാന്‍ഡുകള്‍ സാനിറ്റൈസര്‍ വില്‍ക്കാന്‍ പാടുപെടുകയാണ്. കൊവിഡ് കാലത്ത് ഈ രംഗത്തേക്ക് എത്തിയ പാര്‍ലെ പ്രൊഡക്ട്‌സ് സാനിറ്റൈസര്‍ വില്‍പ്പന അവസാനിപ്പിച്ചു. ഡിമാന്റ് വന്‍തോതില്‍ ഇടഞ്ഞതാണ് കാരണം. കൊവിഡ് കേസുകള്‍ കുറയുന്നതോടെ വില്‍പ്പന വീണ്ടും ഇടിയും എന്നാണ് കണക്കുകൂട്ടല്‍.

ഹാന്‍ഡ് വാഷിന്റെ വില്‍പ്പനയിലും 36.7 ശതമാനം ഇടിവുണ്ടായി. ആളുകള്‍ കൊവിഡിന് മുമ്പുള്ള ജീവിത രീതിയിലേക്ക് തിരികെ പോവുകയാണെന്നതിന്റെ സൂചനയാണ് ഇവ നല്‍കുന്നത്. പേഴ്‌സണല്‍ കെയര്‍ പ്രൊഡക്ടുകളിലൂടെ പ്രശസ്തരായ ഇമാമി ഗ്രൂപ്പ് ഹോം ഹൈജീന്‍ സെഗ്മെന്റില്‍ നിന്ന് പിന്മാറാനുള്ള തയ്യാറെടുപ്പിലാണ്. ഫ്ലോർ ക്ലീനര്‍, സര്‍ഫെയ്‌സ് സാനിറ്റൈസെര്‍, ഡിഷ് വാഷ് ജെല്‍ തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ ഇമാമി ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. പല ചെറുകിട യൂണീറ്റുകളും ഡിമാന്‍ഡ് കുറഞ്ഞതോടെ സാനിറ്റൈസര്‍ വില്‍പ്പനയില്‍ പ്രതിസന്ധി നേരിടുകയാണ്.

രോഗ പ്രതിരോധ ഉത്പന്നങ്ങളുടെ വില്‍പ്പന ഈ പാദത്തില്‍ 18 ശതമാനം ആണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 61 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണിത്. ഡാബറിന്റെ ച്യവനപ്രാശം, തേന്‍ എന്നിവയുടെ വില്‍പ്പനയില്‍ ഉയര്‍ച്ച ഉണ്ടായില്ല. അതേ സമയം കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്ക് നോക്കിയാല്‍ 20 ശതമാനത്തിന്റെ വളര്‍ച്ച ഈ ഉത്പന്നങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് ഡാബര്‍ അറിയിച്ചു. ഇടിവ് ഉണ്ടായെങ്കിലും പല ഉത്പന്നങ്ങളുടെയും വില്‍പ്പനയില്‍ ഇപ്പോഴും കൊവിഡിന് മുമ്പത്തെക്കാള്‍ ഉയര്‍ന്ന നിലയിലാണ്.

സെപ്റ്റംബറില്‍ പാദത്തില്‍ സാവ്‌ലോണ്‍ ബ്രാന്‍ഡിന് കീഴിലുള്ള ആരോഗ്യ-ശുചിത്വ ഉത്പന്നങ്ങളുടെ ഡിമാന്റില്‍ ഇടിവ് പ്രകടമാണെന്നും കൊവിഡ് കേസുകള്‍ കുറയുന്നതിന് അനുസരിച്ച് അത് വര്‍ധിക്കുമെന്നും ഐടിസിയും വ്യക്തമാക്കി. ടോയിലറ്റ് ക്ലീനറുകളുടെ വില്‍പ്പന 13.2 ശതമാനം ഹോം കെയര്‍ ഉത്പന്നങ്ങളുടെ വില്‍പ്പന 8.4 ശതമാനവും ആണ് ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ഇടിഞ്ഞത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ജനസംഖ്യയുടെ 78 ശതമാനവും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ 36 ശതമാനം ആണ്.


Tags:    

Similar News