ഹരിത ഊര്‍ജത്തിലേക്ക് മാറാന്‍ ഹിന്ദുസ്ഥാന്‍ സിങ്ക്; ലക്ഷ്യം താപവൈദ്യുതി ഉപഭോഗം കുറയ്ക്കല്‍
ഇതിനകം തന്നെ കമ്പനി 900 ഖനന വാഹനങ്ങളില്‍ നാലെണ്ണം ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 2027 ആകുമ്പോഴേക്കും താപവൈദ്യുതി ഉപഭോഗം 40 ശതമാനം കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം;
ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഖനന വാഹനങ്ങള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാക്കി മാറ്റാനൊരുങ്ങുകയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ലോഹ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ സിങ്ക് (HZL). ഇതിനായി വേദാന്ത ഗ്രൂപ്പന് കീഴിലുള്ള ഈ കമ്പനി 1 ബില്യണ്‍ യുഎസ് ഡോളറിലധികം (ഏകദേശം 8,270 കോടി രൂപ) നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹരിത ഊര്‍ജത്തിലേക്ക് പൂര്‍ണ്ണമായും മാറ്റുക എന്നതാണ് ലക്ഷ്യം.
2050-ഓടെ നെറ്റ് കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ നീക്കമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് അരുണ്‍ മിശ്ര പറഞ്ഞു. ഏകദേശം 300 മില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക ഉപജീവന കാപെക്സ് ഉള്ളതിനാല്‍ ഈ പരിവര്‍ത്തനത്തിനായി പ്രത്യേക ഫണ്ട് നീക്കിവച്ചിട്ടില്ലെന്നും ഇതും ഈ കാപെക്സിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി 200 മെഗാവാട്ട് വരെ പുനരുപയോഗിക്കാവുന്ന ഊര്‍ജം ലഭ്യമാക്കുന്നതിനുള്ള പവര്‍ പര്‍ച്ചേസ് കരാറില്‍ കമ്പനി ഒപ്പുവെച്ചിട്ടുണ്ടെന്നും ഇത് 1.2 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനകം തന്നെ കമ്പനി 900 ഖനന വാഹനങ്ങളില്‍ നാലെണ്ണം ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 2002ല്‍ സ്വകാര്യവത്കരിച്ച കമ്പനിയില്‍ സര്‍ക്കാരിന് 29 ശതമാനം ഓഹരിയുണ്ട്. കൂടാതെ മൂന്ന് ബോര്‍ഡ് അംഗങ്ങളുമുണ്ട്. അടുത്തിടെ സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പൂര്‍ണമായ ഓഹരി വിറ്റഴിക്കല്‍ ഉടന്‍ ഉണ്ടാകാന്‍ സാധ്യയുണ്ടെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. 2027 ആകുമ്പോഴേക്കും താപവൈദ്യുതി ഉപഭോഗം 40 ശതമാനം കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.