ടെലികോം കമ്പനികളുടെ നിരക്ക് ഉയര്‍ത്തല്‍, ഇന്ത്യ രണ്ടാമത്

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ 20-25 ശതമാനം നിരക്ക് വര്‍ധനവാണ് നടപ്പാക്കിയത്. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 5ജി വ്യാപകമാകുന്നതോടെ 300 രൂപയായി ഉയരും

Update: 2022-11-29 09:52 GMT

വരിസംഖ്യ ഉയര്‍ത്തുന്നതില്‍, ആഗോള തലത്തില്‍ ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്ക് രണ്ടാം സ്ഥാനം. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 20-25 ശതമാനം നിരക്ക് വര്‍ധനവാണ് (Averahe Revenue/user-Arpu) ഇന്ത്യന്‍ കമ്പനികള്‍ നടപ്പാക്കിയത്. നിരക്ക് ഉയരുന്നതില്‍ ഒന്നാം സ്ഥാനം തുര്‍ക്കിക്കാണ്.

21 രാജ്യങ്ങളിലെ ടെലികോം നിരക്കുകള്‍ താരതമ്യം ചെയ്ത് റിസര്‍ച്ച് സ്ഥാപനമായ Tefficient ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് ശരാശരി 177.2 രൂപയാണ് ലഭിക്കുന്നത്. എയര്‍ടെല്ലിന് ലഭിക്കുന്നത് 190 രൂപയും. എആര്‍പിയു 200 രൂപയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ജിയോയും എയര്‍ടെല്ലും. ഈ മാസം ആദ്യം ഹരിയാന, ഒഡീഷ സര്‍ക്കിളുകളിലെ കുറഞ്ഞ പ്ലാന്‍ എയര്‍ടെല്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് നിരക്ക് 57 ശതമാനം ഉയര്‍ന്നിരുന്നു.

5ജി വ്യാപകമാവുന്നതോടെ എആര്‍പിയു 300 രൂപവരെ ഉയരുമെന്നാണ് വിലയിരുത്തല്‍. അതേ സമയം പട്ടികയിലുള്ള 21 രാജ്യങ്ങളില്‍ പതിനൊന്നിലും എആര്‍പിയു കുറയുകയാണ് ചെയ്തത്. നെതര്‍ലാന്‍ഡിലാണ് എആര്‍പിയു ഏറ്റവും അധികം ഇടിഞ്ഞത് (16 ശതമാനം). ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, നോര്‍വെ, ഓസ്ട്രിയ, ഹോങ്കോംഗ് തുടങ്ങിയവയാണ് എആര്‍പിയു കുറഞ്ഞ മറ്റ് രാജ്യങ്ങള്‍. ഇന്ത്യയിലെ ശരാശരി ഡാറ്റ ഉപയോഗം മുന്‍വര്‍ഷത്തെ 8.6ല്‍ നിന്ന് 10.2 ജിബി ആയി ഉയര്‍ന്നു. ഡാറ്റ ഉപയോഗം വര്‍ധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 24 ശതമാനം വളര്‍ച്ചയോടെ ഇന്ത്യ ആറാമതാണ്.

Tags:    

Similar News