ഇഎംഐ ആയി ടിക്കറ്റിന്റെ തുകയടയ്ക്കാം; സൗകര്യമൊരുക്കി ഈ വിമാനക്കമ്പനി

മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഇഎംഐ സ്‌കീമുകള്‍ ലഭ്യമാണ്.

Update:2021-11-08 16:18 IST

യാത്രക്കാര്‍ക്ക് വിമാനക്കൂലി ഇഎംഐ ആയി നല്‍കാന്‍ അവസരമൊരുക്കി സ്‌പൈസ് ജെറ്റ്. മൂന്ന് മാസം. ആറ് മാസം, 12 മാസം എന്നിങ്ങനെ വിവിധ കാലയളവിലേക്ക് ഇഎംഐ ലഭ്യമാണ്. മൂന്ന് മാസത്തേക്കുള്ള ഇഎംഐയില്‍ അധിക ചാര്‍ജുകള്‍ ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു.

ഇഎംഐ സ്‌കീമിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ആവശ്യമില്ല. പാന്‍ കാര്‍ഡ്, ആധാര്‍/ വോട്ടേഴ്‌സ് ഐഡി എന്നിവ മാത്രം മതി. ഒടിപി വെരിഫിക്കേഷനിലൂടെയാകും ഇഎംഐ അനുവദിക്കുക.

യാത്രക്കാര്‍ ഇഎംഐയുടെ ആദ്യ തവണ യുപിഐ ഐഡി ഉപയോഗിച്ച് അടയ്ക്കണം. പിന്നീട് എല്ലാമാസവും ഇഎംഐ ഇതേ യുപിഐ ഐഡിയില്‍ നിന്ന് കുറയും. അതേ സമയം സ്‌പൈസ് ജെറ്റ് തങ്ങളുടെ ആഭ്യന്തര സര്‍വീസുകള്‍ 31 ശതമാനം കുറച്ചിട്ടുണ്ട്. ആഴ്ചതോറും 2,998 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

സ്‌പൈസ് ജെറ്റ് ഇഎംഐ സൗകര്യം കൊണ്ടുവരുന്നതോടെ ക്രെഡിറ്റ് കാര്‍ഡ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കും ട്രെയിനെ ആശ്രയിക്കുന്നവര്‍ക്കും ഗുണം ചെയ്‌തേക്കും. ടാറ്റ ഏറ്റെടുത്തതിന് പിന്നാലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കേന്ദ്ര ജീവനക്കാര്‍ക്കുമുള്ള ക്രെഡിറ്റ് സംവിധാനം കഴിഞ്ഞ മാസം എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയിരുന്നു.


Tags:    

Similar News