ഇന്ത്യന്‍ വ്യോമയാന രംഗത്ത് വീണ്ടെടുക്കല്‍ തുടരുന്നു, പക്ഷേ വളര്‍ച്ച കുറഞ്ഞു

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞകാലയളവിനേക്കാള്‍ 37 ശതമാനം കുറവാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്;

Update:2021-03-09 11:33 IST

കോവിഡ് മഹാമാരി ഏറെ പ്രതിസന്ധിയിലാക്കിയത് വ്യോമയാന മേഖലയെയാണ്. യാത്രാവിലക്കും കോവിഡ് കാരണം യാത്രക്കാരുടെ എണ്ണവും കുറഞ്ഞതോടെ വരുമാനത്തില്‍ വലിയ ഇടിവാണ് വ്യോമയാന രംഗത്തുണ്ടായത്. എന്നാല്‍ പതിയെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച വ്യോമയാന രംഗം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടെടുക്കല്‍ നടത്തിവരികയാണ്. 2021 ലെ രണ്ടാം മാസമായ ഫെബ്രുവരിയില്‍ 78 ലക്ഷം പേരാണ് യാത്ര ചെയ്തത്. 2020 ഫെബ്രുവരിയില്‍ ഇത് 1.23 കോടിയായിരുന്നു. കഴിഞ്ഞ കാലയളവിനേക്കാള്‍ 37 ശതമാനത്തിന്റെ കുറവ്.

അതേസമയം ആഭ്യന്തര വ്യോമയാന രംഗത്തെ വീണ്ടെടുക്കലിന്റെ വേഗത കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മാസത്തേക്കാള്‍ ഒരു ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് ഫെബ്രുവരിയിലുണ്ടായത്. ജനുവരിയില്‍ 77.34 ലക്ഷമാണ് ആഭ്യന്തര യാത്ര ചെയ്തവരുടെ എണ്ണം.
2020 ഫെബ്രുവരിയില്‍ വിന്യസിച്ചിരുന്ന വിമാനങ്ങളുടെ 71 ശതമാനമാണ് 2021 ഫെബ്രുവരിയില്‍ സര്‍വീസ് നടത്തിയത്. 2020 നവംബറിലെ 59 ശതമാനത്തേക്കാളും ഡിസംബറിലെ 67 ശതമാനത്തേക്കാളും കൂടുതലാണിത്. 2021 ജനുവരിയില്‍ 71 ശതമാനം വിമാനങ്ങളാണ് ആഭ്യന്തര യാത്രയ്ക്കായി വിന്യസിച്ചതെന്ന് ഇന്ത്യന്‍ ഏവിയേഷന്‍ ഇന്‍ഡസ്ട്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Tags:    

Similar News