ഇന്ത്യയില്‍നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം, പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
നിലവില്‍ ഇന്ത്യയില്‍നിന്നുള്ള താമസ വിസക്കാര്‍ക്ക് മാത്രമാണ് യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള അനുമതിയുള്ളത്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ യുഎഇ വീണ്ടും ഇളവ് വരുത്തി. ഇന്ത്യയില്‍നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാവുന്നതാണെന്ന് ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സ് അറിയിച്ചു. കമ്പനിയുടെ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് യുഎഇയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാവില്ല. 14 ദിവസം മറ്റേതെങ്കിലും രാജ്യത്ത് താമസിച്ചവര്‍ക്ക് മാത്രമാണ് സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
നേരത്തെ, ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരെ വിലക്കേര്‍പ്പെടുത്തിയിരുന്നപ്പോള്‍ മാലിദ്വീപ്, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചതിന് ശേഷമായിരുന്നു താമസ വിസക്കാര്‍ യുഎഇയിലെത്തിയിരുന്നത്. നിലവില്‍ ഇന്ത്യയില്‍നിന്നുള്ള താമസ വിസക്കാര്‍ക്ക് മാത്രമാണ് യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള അനുമതിയുള്ളത്.
അതേസമയം, സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തുന്നതിന് ജിഡിആര്‍എഫ്എ അനുമതിയും നിര്‍ബന്ധമാണ്. കൂടാതെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനാഫലവും സമര്‍പ്പിക്കണം. യുഎഇയിലെത്തിയാല്‍ ആദ്യം ദിവസവും ഒമ്പതാം ദിവസവും പിസിആര്‍ ടെസ്റ്റും നടത്തേണ്ടതുണ്ട്.