മന്ത്രാലയം ഇടപെട്ടു; ബുക്കിംഗ് നിര്‍ത്തി ഇന്‍ഡിഗോ, വിസ്റ്റാര

Update: 2020-04-20 06:24 GMT

മെയ് 31 വരെ ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തിവച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സും വിസ്റ്റാരയും അറിയിച്ചു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തതിന് ശേഷം മാത്രമേ വിമാന കമ്പനികള്‍ ബുക്കിംഗ് ആരംഭിക്കാന്‍ പാടുള്ളൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ബുക്കിംഗ് നിര്‍ത്തി വച്ചതിനു പിന്നാലെയാണിത്.

തിരഞ്ഞെടുത്ത ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന്  അറിയിച്ചതോടൊപ്പം എയര്‍ ഇന്ത്യ ശനിയാഴ്ച്ച ബുക്കിംഗ് പുനരാരംഭിക്കാന്‍ നടപടിയെടുത്തെങ്കിലും വ്യോമയാന മന്ത്രായത്തിന്റെ നിര്‍ദ്ദേശം വന്നയുടന്‍ തീരുമാനം മാറ്റുകയായിരുന്നു. മെയ് 4 മുതല്‍ തിരഞ്ഞെടുത്ത ആഭ്യന്തര വിമാനങ്ങളിലും ജൂണ്‍ 1 മുതല്‍ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനങ്ങളിലും ബുക്കിംഗ് ആരംഭിച്ചതായാണ് എയര്‍ ഇന്ത്യ ആദ്യം അറിയിച്ചത്.

എല്ലാ ബുക്കിംഗുകളും നിര്‍ത്തിവച്ചുവെന്നും ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാര്‍ക്കും റദ്ദാക്കിയ ടിക്കറ്റിന്റെ തുക ക്രെഡിറ്റ് വൗച്ചറായി ലഭിക്കുമെന്നും എയര്‍ ഇന്ത്യ ഇന്നലെ വ്യക്തമാക്കി.ഏപ്രില്‍ 3 ന് ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യ ഏപ്രില്‍ 30 വരെ ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകളുടെ ബുക്കിംഗ് നിര്‍ത്തിയതായി അറിയിച്ചിരുന്നു. ബുക്കിംഗ് നടത്തിയ മുഴുവന്‍ യാത്രക്കാര്‍ക്കും മുഴുവന്‍ റീഫണ്ടും നല്‍കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.ലോക്ക്ഡൗണ്‍ കാലയളവില്‍ കാര്‍ഗോ ഫ്‌ളൈറ്റുകളും ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അംഗീകരിച്ച പ്രത്യേക ഫ്‌ളൈറ്റുകളും മാത്രമേ അനുവദിച്ചിട്ടുള്ളൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News