സഹായിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന നിയമം ചെറുകിടക്കാര്‍ക്ക് തിരിച്ചടിയായി; എം.എസ്.എം.ഇകളെ ഒഴിവാക്കി വന്‍കിടക്കാര്‍

നിയമനടപടി സ്വീകരിക്കാന്‍ വ്യാപാരി സംഘടനകള്‍

Update:2024-05-03 16:51 IST

കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) സഹായിക്കാന്‍ കൊണ്ടുവന്ന ഫിനാന്‍സ് ആക്റ്റ് 2023ലെ സെക്ഷന്‍ 43(ബി)എച്ച് നിയമഭേദഗതി എം.എസ്.എം.ഇകള്‍ക്ക് തിരിച്ചടിയായതായി റിപ്പോര്‍ട്ട്. എം.എസ്.എം.ഇകളില്‍ നിന്ന് വാങ്ങുന്ന ഉത്പന്ന/സേവനങ്ങളുടെ പണം 45 ദിവസത്തിനകം പൂര്‍ണമായി കൊടുത്തുതീര്‍ക്കണമെന്നും അല്ലാത്തപക്ഷം ഉത്പന്ന/സേവനം വാങ്ങിയ കമ്പനിയുടെ വരുമാനമായി അത് കണക്കാക്കി അതിനുകൂടി ആദായനികുതി ഈടാക്കുമെന്നുമാണ് പുതിയചട്ടം.

ഏപ്രില്‍ ഒന്നുമുതല്‍ ഈ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതോടെയാണ് എം.എസ്.എം.ഇകള്‍ക്ക് ഇത് തിരിച്ചടിയായത്. ഗുജറാത്ത് ആസ്ഥാനമായുള്ള 12,000 എം.എസ്.എം.ഇകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 40,000ത്തിലധികം ചെറുകിട ബിസിനസുകള്‍ ഈ നിയമത്തിന്റെ ബുദ്ധിമുട്ട് മൂലം രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പണമിടപാടിന് 45 ദിവസം എന്ന സമയപരിധി പാലിക്കുന്നത് ഒഴിവാക്കാന്‍ വാങ്ങുന്നവര്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ തിരഞ്ഞെടുക്കുകയാണ്.

എം.എസ്.എം.ഇകള്‍ക്ക് വരുമാനലഭ്യതയും അവയുടെ സാമ്പത്തികാരോഗ്യവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം വലിയ ഉപഭോക്താക്കളില്‍ നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ കുറഞ്ഞതായി ആയിരക്കണക്കിന് ചെറുകിട ബിസിനസുകള്‍ പറയുന്നു. നിലവില്‍ നിരവധി വ്യാപാരി സംഘടനകള്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. 

Tags:    

Similar News