കലൈഡസ്‌കോപ്പിനെ വാങ്ങാനൊരുങ്ങി ഇന്‍ഫോസിസ്; വൈദ്യോപകരണ മേഖലയില്‍ പുത്തന്‍ തുടക്കം

Update: 2020-09-05 05:53 GMT

കോവിഡ് കാലം വിവിധ ഇന്ത്യന്‍ കമ്പനികളിലേക്ക് വിദേശനിക്ഷേപം എത്തിയതിന്റെയും ഏറ്റെടുക്കലിന്റെയും കൂടി കാലമായിരുന്നു. ഈ കോവിഡ് കാലഘട്ടത്തില്‍ ഇന്‍ഫോസിസിന്റെ ഏറ്റെടുക്കലും ശ്രദ്ധേയമാകുകയാണ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്ട് ഡിസൈന്‍ സംരംഭമായ കലൈഡസ്‌കോപ് ഇന്നോവേഷനെയാണ് ഇന്‍ഫോസിസ് സ്വന്തമാക്കുന്നത്. അമേരിക്കന്‍ വൈദ്യോപകരണ വിപണിയില്‍ ചുവടുറപ്പിക്കാനുള്ള ഇന്‍ഫോസിസിന്റെ പുതിയ നീക്കമാണ് ഈ ഏറ്റെടുക്കല്‍ എന്നാമ് ദേശീയ റിപ്പോര്‍ട്ടുകള്‍. കലൈഡസ്‌കോപ് ഇന്നോവേഷനെ വാങ്ങാന്‍ 42 ദശലക്ഷം ഡോളര്‍ (ഏകദേശം 309 കോടി രൂപ) ഇന്‍ഫോസിസ് മുടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വൈദ്യ, ഉപഭോക്തൃ, വ്യാവസായിക മേഖലകളിലേക്ക് ആവശ്യമായ സ്മാര്‍ട് ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലുമാണ് കലൈഡോസ്‌കോപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രോഗികളുടെ പരിചരണം, ചികിത്സ, രോഗനിര്‍ണയം, ആരോഗ്യം എന്നീ മേഖലകളില്‍ സ്മാര്‍ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പുതുവിപ്ലവം സൃഷ്ടിക്കാന്‍ കലൈഡസ്‌കോപ്പുമായുള്ള സഹകരണം സഹായിക്കുമെന്ന് ഇന്‍ഫോസിസ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഇതിനായി ഇന്‍ഫോസിസിന്റെ അനുബന്ധ സ്ഥാപനമായ നോവ ഹോള്‍ഡിംഗ്‌സ് ആണ് കലൈഡസ്‌കോപ് ഓഹരികളില്‍ ഒപ്പു വച്ചിട്ടുള്ളത്.

റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഭിച്ചാല്‍ ഒരുമാസം കൊണ്ട് തന്നെ കലൈഡോസ്‌കോപ് ഇന്നോവേഷന്റെ നിയന്ത്രണം ഇന്‍ഫോസിസിന് പൂര്‍ണമായി ലഭിക്കും. മെഡിക്കല്‍ രംഗത്ത് സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന മൈക്രോസര്‍ജിക്കല്‍ ഉപകരണങ്ങളും നേതൃചികിത്സയ്ക്ക് ആവശ്യമായ സൂക്ഷ്മ ഉപകരണങ്ങളും മറ്റും രൂപകല്‍പ്പന ചെയ്യുന്നതില്‍ അഗ്രഗണ്യരാണ് കലൈഡസ്‌കോപ്. കൊവിഡാനന്തരം സാങ്കേതികവിദ്യയും വൈദ്യ ഉപകരണങ്ങളും സംയോജിക്കുന്ന പുതുമേഖല വലിയ നിക്ഷേപങ്ങള്‍ക്കും ഉപഭോക്തൃവത്കരണത്തിനും ഇത് പുതുവഴി തെളിക്കും.

പുത്തന്‍ ഏറ്റെടുക്കലിലൂടെ ഇന്‍ഫോസിസിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ സേവന മേഖലയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കമ്പനി പ്രസിഡന്റ് രവി കുമാര്‍ പറഞ്ഞു. നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ വൈവിധ്യമാര്‍ന്ന കൂടുതല്‍ ഉത്പന്നങ്ങള്‍ ആവിഷ്‌കരിക്കാനാണ് കലൈഡസ്‌കോപ് ലക്ഷ്യമിട്ടതെന്ന് സഹസ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ മാറ്റ് കോര്‍ണു പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News