ഐപിഒ, ഏറ്റെടുക്കല്‍: എം എ യൂസഫലി തുറന്നു പറയുന്നു

Update: 2020-10-13 09:08 GMT

ലുലു ഗ്രൂപ്പിന്റെ ഓഹരികള്‍ വിപണിയില്‍ നിന്ന് ഉടനെയെങ്ങും വാങ്ങാനാവുമോ എന്ന ആകാംക്ഷ നിക്ഷേപകരില്‍ ഉണര്‍ന്നു തുടങ്ങിയിട്ട് കുറച്ചു നാളായി. റിലയന്‍സ് റീറ്റെയ്‌ലും ആമസോണും അടക്കമുള്ള വമ്പന്മാര്‍ ഇ കൊമേഴ്‌സില്‍ പുതിയ കൂട്ടുകെട്ടുകളിലൂടെ ആധിപത്യം സ്ഥാപിക്കുമ്പോള്‍ കേരളത്തിന്റെ സ്വന്തം ലുലു ഗ്രൂപ്പും ആ വഴിക്ക് നീങ്ങുമോ എന്നും ആലോചിക്കുന്നവരുണ്ട്. ഇതിനെല്ലാം മറുപടിയുമായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം എ യൂസഫലി ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കൊച്ചിന്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കാനെത്തിയത്.

ഐപിഒ താല്‍പ്പര്യമില്ല

ലുലു ഗ്രൂപ്പിന് പ്രാഥമിക ഓഹരി വില്‍പ്പനയില്‍ താല്‍പ്പര്യമില്ലെന്ന് യുസഫലി പറയുന്നു. ജനങ്ങളില്‍ നിന്ന് പണം വാങ്ങിയാല്‍ അതിന് മികച്ച റിട്ടേണ്‍ നല്‍കണമെന്നതാണ് തന്റെ നിലപാട്. ഓഹരി വിപണിയില്‍ അത് സാധ്യമായില്ലെങ്കില്‍ തനിക്ക് അത് വിഷമമുണ്ടാക്കും. അതുകൊണ്ടു തന്നെ ഓഹരി വിപണിയിലെ കളികള്‍ക്കൊന്നും ലുലു ഗ്രൂപ്പില്ല

മറ്റു കമ്പനികളുമായി കൂട്ടുകെട്ടിനില്ല

കോവിഡ് 19 ബിസിനസ് രീതികളില്‍ വലിയ തോതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നാലഞ്ചു മാസം മുമ്പ് ഇ കൊമേഴ്‌സ് മേഖലയെ കുറിച്ച് കൂടുതല്‍ ചിന്തിക്കാതിരുന്ന ലുലു ഗ്രൂപ്പ് ഇപ്പോള്‍ അതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. നിലവില്‍ വില്‍പ്പനയുടെ 11 ശതമാനം ഇ കൊമേഴ്‌സ് ആയാണ്. ഞങ്ങള്‍ക്ക് റീറ്റെയ്‌ലര്‍ എന്ന നിലയില്‍ ഇ കൊമേഴ്‌സ് മേഖലയില്‍ സാധ്യതകളേറെയുണ്ട്. ലോജിസ്റ്റിക്‌സ്, ഇന്‍വെന്ററി, വാഹനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൈയിലുണ്ട്. അത് പ്രയോജനപ്പെടുത്തിയാല്‍ ഇ കൊമേഴ്‌സില്‍ കൂടുതല്‍ ശോഭിക്കാനാകും. ഇ കൊമേഴ്‌സ് വില്‍പ്പന 20 ശതമാനമാക്കി മാറ്റാനുള്ള ശ്രമത്തിലാണിപ്പോള്‍ ലുലു ഗ്രൂപ്പ്.
ഈ മേഖലയില്‍ മറ്റൊരു കമ്പനിയുമായി ധാരണയിലെത്താനോ കുട്ടുക്കെട്ടുണ്ടാക്കാനോ ലുലു ഗ്രൂപ്പ് തയാറല്ല. നമ്മള്‍ തന്നെ പടിപടിയായി ഉയരുക എന്നതിലാണ് താല്‍പ്പര്യം. കൂട്ടുകെട്ടുണ്ടാക്കിയാല്‍ പിന്നീട് അവര്‍ വിട്ടു പോകാനിട വന്നാല്‍ വലിയ നഷ്ടമാണുണ്ടാക്കുക.

കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താം

ഒരേസമയം മൂന്ന് ദുരന്തങ്ങളോട് ഏറ്റുമുട്ടുകയാണ് കേരളം. കോവിഡും ഗള്‍ഫില്‍ നിന്നുള്ള മടങ്ങി വരവും പ്രളയവും കേരളത്തെ വേട്ടയാടുന്നു. എന്നാല്‍ മനോഭാവത്തില്‍ മാറ്റം വരുത്തിയാല്‍ മുന്നേറാനാവും. കേരളത്തിന് ഇപ്പോള്‍ വളരാനാകുന്നില്ല. ലുലു ഗ്രൂപ്പ് കൊച്ചിയില്‍ മാളിന് തുടക്കമിട്ടപ്പോള്‍ വലിയ എതിര്‍പ്പുകളുണ്ടായി. അതേ അനുഭവം തന്നെയാണ് തിരുവനന്തപുരത്തും. ഇത്തരം എതിര്‍പ്പുകളാണ് പലരെയും ഇവിടെ നിക്ഷേപം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. സര്‍ക്കാര്‍ വിചാരിച്ചതു കൊണ്ടു മാത്രം ഇവിടെ തൊഴില്‍ സൃഷ്ടിക്കാനാവില്ല. അതിന് സ്വകാര്യ കമ്പനികളും വേണം. ഐറ്റിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ബാംഗളൂര്‍ പോലുള്ള നഗരങ്ങളോട് മത്സരിക്കാന്‍ നമുക്കാവുന്നില്ല. ഇപ്പോഴും പത്തു ലക്ഷത്തിലേറെ മലയാളികള്‍ അവിടെ ജോലി ചെയ്യുന്നു. എന്തുകൊണ്ട് കേരളത്തില്‍ അതായിക്കൂടാ? പുറത്തുള്ള ബിസിനസുകാര്‍ ആശങ്കയോടെയാണ് കേരളത്തിലെ സ്ഥിതി എങ്ങനെയുണ്ടെന്ന് ചോദിക്കുന്നത്.

പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളുമടക്കം ധാരാളമായി കയറ്റി അയക്കാനുള്ള സാധ്യത കേരളത്തിനുണ്ട്. അത് ഇനിയും വര്‍ധിപ്പിക്കാനാകും. ലുലു ഗ്രൂപ്പ് മാത്രം കേരളത്തില്‍ നിന്ന് 3000 കോടി രൂപയുടെ സാധനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇപ്പോഴത്തെ പ്രതിസന്ധിയൊക്കെ താല്‍ക്കാലികമാണ്. കോവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ കാര്യങ്ങള്‍ പൂര്‍വാധികം മികച്ച നിലയിലാകും.

വളരാന്‍ സ്വയം മാറുക

വിജയത്തിലെത്താന്‍ എന്താണ് വേണ്ടത്?

1. വിജയത്തിന് കുറുക്കുവഴികളില്ലെന്ന് മനസ്സിലാക്കണം.

ലുലു ഗ്രൂപ്പ് വളര്‍ന്നത് പടിപടിയായാണ്. ആദ്യം ചെറിയ സൂപ്പര്‍മാര്‍ക്കറ്റ്, പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റ,് ഷോപ്പിംഗ് മാള്‍ എന്നിങ്ങനെ. അത്യാഗ്രഹം കാട്ടാതിരിക്കുക.

2.  കാലത്തിനനുസരിച്ച് എപ്പോഴും മാറിക്കൊണ്ടിരിക്കുക എന്നതാണ്.

അപ്ഗ്രഡേഷന് എല്ലായ്‌പ്പോഴും തയാറാവുക. ലുലു ഗ്രൂപ്പ് നാല്-അഞ്ച് വര്‍ഷം കൂടുമ്പോഴും വലിയ തോതില്‍ സാങ്കേതിക വിദ്യയിലടക്കം മാറ്റം കൊണ്ടു വരുന്നുണ്ട്. അതിനായി റിസര്‍ച്ച് വിംഗ് തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്.

3. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സമയം കണ്ടെത്തുക.

ടൈം മാനേജ്‌മെന്റിന് വലിയ പ്രാധാന്യമുണ്ട്. ജോലിത്തിരക്കാണെന്നു പറഞ്ഞ് നൂതനമായ അറിവുകള്‍ നേടാനുള്ള വഴി അടക്കരുത്. ജോലി സമയം അല്‍പ്പം കൂടി നീട്ടി പഠനത്തിനായി സമയം കണ്ടെത്താം.

4. രഹസ്യ സ്വഭാവം വേണ്ട

എല്ലാ കാര്യങ്ങളിലും സുതാര്യതയാവണം മുഖമുദ്ര. ലുലു ഗ്രൂപ്പ് ഏതൊരു രാജ്യത്ത് പോയാലും അവിടെയുള്ള ഭരണാധികാരികളെ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, അതുകൊണ്ട് ആ രാജ്യത്തിനെന്താണ് നേട്ടം എന്നൊക്കെ വിശദമായി തന്നെ ധരിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ എതിര്‍പ്പുകള്‍ ഇല്ലാതാക്കാനും സുതാര്യതയിലൂടെ കഴിയും.

5. ധാര്‍മികത വാക്കിലല്ല, പ്രവൃത്തിയില്‍ വേണം

നമ്മുടെ പ്രവൃത്തി തന്നെയാണ് നമ്മള്‍ ആരെന്ന് നിശ്ചയിക്കുക. കോവിഡിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണ് ലോകമെങ്ങും. എല്ലാ ബിസിനസുകളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും ജീവനക്കാരുടെ ശമ്പളം കുറയ്ക്കുകയോ പിരിച്ചു വിടുകയോ പോലുള്ള നടപടികള്‍ ലുലു ഗ്രൂപ്പ് ചെയ്തിട്ടില്ല. മുടങ്ങാതെ അത് നല്‍കുന്നു. ജീവനക്കാര്‍ക്കുള്ള ധാര്‍മികത സംബന്ധിച്ച ഒരു സന്ദേശം കൂടിയാണത്. ഏതു പ്രതിസന്ധിയിലും, ലുലു ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അവരോടൊപ്പം ഉണ്ട് സന്ദേശമാണത് നല്‍കുക.

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കൊച്ചിന്‍ പ്രസിഡന്റ് സണ്ണി എല്‍ മലയില്‍ അധ്യക്ഷത വഹിച്ചു. അക്ഷയ് അഗര്‍വാള്‍, സെക്രട്ടറി അനു ജോസഫ്, വികാസ് അഗര്‍വാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News