ഓഗസ്റ്റിലെ മേഖലാ സൂചികകളില്‍ മുന്നില്‍ ഐടി: മികച്ച നേട്ടം നല്‍കിയത് ഈ കമ്പനികള്‍

Update:2021-08-30 12:55 IST
പ്രതീകാത്മക ചിത്രം 

ഓഹരി വിപണിയില്‍ ഓഗസ്റ്റ് മാസത്തിലെ ബിഎസ്ഇ മേഖലാ സൂചികകളില്‍ ഒന്നാമനായി ഐടി. 27 മേഖലാ സൂചികകളില്‍ 10 എണ്ണം നെഗറ്റീവ് റിട്ടേണ്‍ നല്‍കിയപ്പോഴാണ് നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നേട്ടം നല്‍കിയ മേഖലയായി ഐടി മാറിയത്. 10.1 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ഐടി മേഖലയില്‍നിന്ന് ലഭിച്ചത്. അതേസമയം, കഴിഞ്ഞമാസത്തിലെ ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സ് 6.7 ശതമാനം ഉയരുകയും ചെയ്തു.

നിക്ഷേപകര്‍ക്ക് ഒരുമാസത്തിനിടെ 26 ശതമാനം റിട്ടേണ്‍ നല്‍കിയ മൈന്‍ഡ് ട്രീയാണ് മികച്ച പ്രകടനം കാഴ്ചവച്ച ഐടി കമ്പനി. ഒരു മാസത്തിനിടെ 743.85 രൂപയോളമാണ് ഉയര്‍ന്നത്. ഈ സാമ്പത്തിക വര്‍ഷാരംഭത്തിന് ശേഷം 120 ശതമാനത്തോളം നേട്ടമാണ് മൈന്‍ഡ് ട്രീ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഓഗസ്റ്റ് മാസത്തില്‍ 25.2 ശതമാനം നേട്ടം നല്‍കിയ നെല്‍കോയാണ് രണ്ടാമതുള്ളത്. 19.6 ശതമാനം നേട്ടവുമായി ടെക് മഹീന്ദ്ര മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. അതേസമയം, ഐടി മേഖലയില്‍ ടയര്‍ 1 കമ്പനികളെ മറികടന്ന് മിഡ് ക്യാപ് സ്ഥാപനങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. കെപിഐടി ടെക്‌നോളജീസ് (19 ശതമാനം), ടിസിഎസ് (17.4 ശതമാനം), ടാറ്റ എലക്‌സി (15.3 ശതമാനം), എച്ച്‌സിഎല്‍ (13.4 ശതമാനം), എല്‍ ആന്റ് ടി ഇന്‍ഫോടെക് (11.8 ശതമാനം) എന്നിവയാണ് കഴിഞ്ഞമാസം മികച്ച നേട്ടം നല്‍കിയ മറ്റ് ഐടി കമ്പനികള്‍.
അതേസമയം, ബിഎസ്ഇ ടെക്ക് (9.2 ശതമാനം), ബിഎസ്ഇ എനര്‍ജി (8.6 ശതമാനം), ബിഎസ്ഇ പവര്‍ (7.9 ശതമാനം) എന്നിവയാണ് ഓഗസ്റ്റ് മാസത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ച മേഖലാ സൂചികകള്‍.


Tags:    

Similar News