ഇന്ത്യന്‍ ഐടി കമ്പനികളിലെ പുതിയ നിയമനങ്ങള്‍ കുറയാന്‍ സാധ്യത
ആഗോള അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനാല്‍ വരുമാന വളര്‍ച്ച കുറയും
ഇന്ത്യന്‍ ഐ.ടി മേഖലയുടെ വരുമാന വളര്‍ച്ച കുറയുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എ (Icra) അറിയിച്ചു. ആഗോള അനിശ്ചിതത്വങ്ങള്‍ മൂലം 2022-23 ലെ അവസാനത്തെ രണ്ട് പാദങ്ങളിലും ഐടി കമ്പനികളുടെ വളര്‍ച്ച കുറവായിരുന്നു. തുടരുന്ന ഈ അനിശ്ചിതത്വങ്ങള്‍ പുതിയ നിയമനങ്ങളെ ബാധിക്കുമെന്നും ഏജന്‍സി പറഞ്ഞു.
പുതിയ ജീവനക്കാരുടെ എണ്ണം കുറഞ്ഞു
കമ്പനികളുടെ പ്രവര്‍ത്തന ലാഭം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1.9 ശതമാനം കുറഞ്ഞ് 22.9 ശതമാനമനത്തിലെത്തി. പുതിയ ജീവനക്കാരുടെ എണ്ണം നോക്കിയാല്‍ ഈ മേഖലയിലെ മികച്ച അഞ്ച് കമ്പനികള്‍ 2022 ലെ 2.73 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 ല്‍ 83,906 പേരെ മാത്രമാണ് ചേര്‍ത്തത്.
നാസ്‌കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ മേഖലയുടെ വളര്‍ച്ച മുന്‍ സാമ്പത്തിക വര്‍ഷത്തെ 15 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 8.4 ശതമാനമായി കുറഞ്ഞു. കോവിഡിന് ശേഷം ഡിമാന്‍ഡ് കൂടിയതോടെ ഇന്ത്യന്‍ ഐടി സേവന (IT Services) വ്യവസായം ശക്തമായ വരുമാന വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ ആഗോള അനിശ്ചിതത്വങ്ങളാല്‍ വളര്‍ച്ച കുറയുകയായിരുന്നു.