ടോപ്പ് ഫൈവ് കമ്പനികളില്‍ ഇടം നേടി ജിയോ

Update: 2020-04-25 10:47 GMT

വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ അഞ്ചു കമ്പനികളിലൊന്നായി റിലയന്‍സ് ജിയോ. ജിയോയുടെ പത്തു ശതമാനം ഓഹരി ഏകദേശം 44,000 കോടി നല്‍കി ഫേസ് ബുക്ക് സ്വന്തമാക്കിയ ഇടപാടാണ് ജിയോയ്ക്ക് തുണയായത്.

4,62 ലക്ഷം കോടി രൂപയുടെ മൂല്യമാണ് ഇതോടെ കമ്പനി നേടിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടിസിഎസ്, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക്, എഫ്എംസിജി ഭീമനായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവ മാത്രമാണിപ്പോള്‍ ജിയോയ്ക്ക് മുന്നിലുള്ളത്. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്കും ടെലികോം രംഗത്തെ പ്രമുഖരായ ജിയോയും ചേര്‍ന്ന് രാജ്യത്തുടനീളം റീറ്റെയ്ല്‍ ഷോറൂം ശൃംഖല പടുത്തുയര്‍ത്താനുള്ള ഒരുക്കത്തിലാണ്.

ഒന്നാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 7.83 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ഓയ്ല്‍ കമ്പനി റിലയന്‍സിന്റേതാണ്. 6.51 ലക്ഷം കോടി രൂപ വിപണി മൂല്യം കണക്കാക്കിയിരിക്കുന്ന ടിസിഎസ് പ്രമുഖ ഐറ്റി കമ്പനിയാണ്. രാജ്യത്തെ ഐറ്റി കമ്പനികളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍ഫോസിസിന് 2.69 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണുള്ളത്.

5.04 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള എച്ച്ഡിഎഫ്‌സി ബാങ്കാണ് മൂന്നാം സ്ഥാനത്ത്. 18 ശതമാനം വാര്‍ഷിക ലാഭ വളര്‍ച്ച നേടുന്ന ബാങ്ക് പ്രതിസന്ധി ഘട്ടത്തിലും മികച്ച പ്രകടനമാണ് നടത്തുന്നത്. നാലാം സ്ഥാനത്തുള്ള ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡും ഓഹരി വിപണിയില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News