അംബാനിയുടെ ജിയോഭാരത് മറ്റ് ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളി; വിപണി തകിടംമറിയും

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവയുടെ ഉപയോക്താക്കളില്‍ പലരും റിലയന്‍സ് ജിയോയിലേക്ക് മാറാൻ സാധ്യത

Update:2023-07-04 12:05 IST

Image:jio.airtel,vi

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ 999 രൂപയ്ക്ക് ഏറ്റവും വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്ഫോണായ ജിയോഭാരത് അവതരിപ്പിച്ചതിന് പിന്നാലെ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ പോലുള്ള ടെലികോം കമ്പനികള്‍ക്ക് വന്‍ വെല്ലുവിളിയായിരിക്കുകയാണെന്ന് ടെലികോം നിരീക്ഷകര്‍.

മറ്റുള്ളവര്‍ക്ക് വെല്ലുവിളി തന്നെ

ജിയോഭാരത് മറ്റ് ടെലികോം കമ്പനികള്‍ക്ക് തീര്‍ച്ചയായും വെല്ലുവിളിയാകുമെന്ന് കെ.ആര്‍ ചോക്സി ഫിന്‍സെര്‍വിന്റെ പ്രൊമോട്ടര്‍ ദേവന്‍ ചോക്സി. വിലകുറഞ്ഞ പ്രതിമാസ പ്ലാനുകള്‍ ജിയോ നല്‍കുന്നതിനാല്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവയുടെ ഉപയോക്താക്കളില്‍ പലരും റിലയന്‍സ് ജിയോയിലേക്ക് മാറാനുള്ള നല്ല സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്നതിലും ജിയോഭാരത് നല്‍കുന്നത് പോലെ കുറഞ്ഞ നിരക്കിലുള്ള സേവനങ്ങള്‍ നൽകുന്നതിലും മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ നിക്ഷേപിച്ചിട്ടില്ലാത്തതിനാൽ   ജിയോഭാരതിന്റെ വരവ് ഇവര്‍ക്കെല്ലാം വെല്ലുവിളിയാകും.

വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

ഉയര്‍ന്ന പ്രതിമാസ ഫീസ് നല്‍കാത്ത ഉപഭോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് ഐ.ഐ.എഫ്.എല്‍ സെക്യൂരിറ്റീസിലെ ബാലാജി സുബ്രഹ്‌മണ്യന്‍ പറയുന്നു. ഹാന്‍ഡ്സെറ്റ് വിലയും പ്ലാന്‍ വിലയും വളരെ ആകര്‍ഷകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോയുടെ പുതിയ ലോഞ്ച് പരിമിതമായ സ്വാധീനം ചെലുത്തുമെന്നും വര്‍ധിച്ചുവരുന്ന വരിക്കാരെ ആകര്‍ഷിക്കുമെന്നും ഇത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിക്ക് ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നതായി ഗോള്‍ഡ്മാന്‍ സാക്‌സ് അറിയിച്ചു.

ജിയോയുടെ വിലനിര്‍ണ്ണയം മത്സരാധിഷ്ഠിതമാണെന്ന് പറയുമ്പോഴും ഭാരതി എയര്‍ടെല്ലിനെ പെട്ടെന്ന് അത് തടസപ്പെടുത്തുന്നില്ലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പറഞ്ഞു. എന്നാല്‍ ഭാരതി എയര്‍ടെല്‍ ജാഗ്രതാ പാലിക്കണമെന്ന നിലപാടാണ് മോര്‍ഗന്‍ സ്റ്റാന്‍ലിക്കുള്ളത്. ജെ.പി മോര്‍ഗന്‍ പ്രവചിക്കുന്നത് ജിയോയുടെ ഈ നീക്കം 2ജി സേവനങ്ങള്‍ക്കുള്ള താരിഫ് വര്‍ധന നിര്‍ത്തലാക്കുമെന്നാണ്.

വിപണിയില്‍ ചലനം സൃഷ്ടിക്കും

ഇന്ത്യന്‍ ബ്രോക്കറേജ് സ്ഥാപനമായ സിറ്റിക്കും എം.കെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിനും ജിയോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ജിയോഭാരത് സ്മാര്‍ട്ടഫോണിന്റെ സവിശേഷതകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. 2017-ല്‍ പുറത്തിറക്കിയ ജിയോഫോണിനെ അപേക്ഷിച്ച് ഈ ഫോണിന്റെ സവിശേഷതകള്‍ കുറഞ്ഞതാണെന്ന് സിറ്റി പറയുന്നു. അതേസമയം വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിവുള്ള, മികച്ച വിതരണവും ഉല്‍പ്പാദനവുമുള്ള ഉല്‍പ്പന്നമായാണ് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇതിനെ കാണുന്നത്.

പ്രത്യേക ഓഫറുകളുമായി ജിയോഭാരത്

ഏറ്റവും വിലകുറവില്‍ വാങ്ങുന്ന ജിയോഭാരത് സ്മാര്‍ട്ട്ഫോണില്‍ പ്രത്യേക ഓഫറുകളും ജിയോ ഭാരത് ഫോണില്‍ ജിയോ നല്‍കുന്നുണ്ട്. 14 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും 123 രൂപയ്ക്കാണ് ലഭ്യമാകുക. 1,234 രൂപയുടെ വാര്‍ഷിക പ്ലാനില്‍ 168 ജി.ബി ഡേറ്റ ലഭിക്കും. ജിയോ സിനിമ, ജിയോ പേ യു.പി.ഐ അടക്കമുള്ള സേവനങ്ങളും ഫോണില്‍ ലഭിക്കും. 0.3 മെഗാപിക്സലിന്റെ ക്യാമറയുള്ള ഫോണിന് 1,000 എം.എ.എച്ചിന്റെ ബാറ്ററിയാണ്. 128 ജി.ബി വരെ മെമ്മറി വര്‍ധിപ്പിക്കാം. നിലവില്‍ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന 25 കോടി ആള്‍ക്കാരെയാണ് ജിയോഭാരതിലൂടെ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.

Tags:    

Similar News