ജ്യോതി ലാബ്സിന്റെ വരുമാനം കുതിച്ചു; ലാഭത്തിലും മുന്നേറ്റം
വ്യക്തിഗത പരിചരണ വസ്തുക്കളുടെ വില്‍പ്പനയില്‍ 22.3 ശതമാനം വളര്‍ച്ച
ശക്തമായ വരുമാന വളര്‍ച്ചയുടെ കരുത്തില്‍ നടപ്പുവര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 59.1 ശതമാനം ലാഭക്കുതിപ്പ് നടത്തി ജ്യോതി ലാബ്സ്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 65.35 കോടി രൂപയില്‍ നിന്ന് 103.98 കോടി രൂപയിലേക്കാണ് സംയോജിത ലാഭം വര്‍ധിച്ചത്. ഉജാല, മാക്സോ, എക്സോ, ഹെന്‍കോ, പ്രില്‍, മാര്‍ഗോ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 65.35 കോടി രൂപയുടെ സംയോജിത അറ്റാദായമാണ് നേടിയത്.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ 659.2 കോടി രൂപയെ അപേക്ഷിച്ച് 732.34 കോടി രൂപയായി ഉയര്‍ന്നു. രണ്ടാം പാദത്തിലെ മൊത്തം ചെലവ് 610.45 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 595.26 കോടി രൂപയായിരുന്നു. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല ഡിമാന്‍ഡുണ്ടെന്നും പണപ്പെരുപ്പ സമ്മര്‍ദ്ദമുണ്ടെങ്കിലും ബിസിനസ് സാധ്യതകള്‍ കണക്കിലെടുത്ത് കമ്പനി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ജ്യോതി ലാബ്സ് മാനേജിംഗ് ഡയറക്ടര്‍ എം.ആര്‍. ജ്യോതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഫാബ്രിക് കെയര്‍ വില്‍പ്പന 10.6 ശതമാനം വര്‍ധിച്ചു. ഡിഷ് വാഷിംഗ് വിഭാഗത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായി. സോപ്പും ടൂത്ത് പേസ്റ്റും ഉള്‍പ്പെടെയുള്ള വ്യക്തിഗത പരിചരണ വസ്തുക്കളുടെ വില്‍പ്പനയില്‍ 22.3 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഗാര്‍ഹിക കീടനാശിനി വില്‍പ്പനയിലും 3.4 ശതമാനം വളര്‍ച്ചയുണ്ടായതായി കമ്പനി അറിയിച്ചു.
കമ്പനിയുടെ എബിറ്റ്ഡ 2022 സെപ്റ്റംബറിലെ 85.76 കോടി രൂപയില്‍ നിന്ന് 73.27% വര്‍ധിച്ച് 2023 സെപ്റ്റംബറില്‍ 148.60 കോടി രൂപയായി. ജ്യോതി ലാബ്‌സ് ഇ.പി.എസ് 2022 സെപ്റ്റംബറിലെ 1.76 രൂപയില്‍ നിന്ന് 2023 സെപ്റ്റംബറില്‍ 2.84 രൂപയായി വര്‍ധിച്ചു.എന്‍.എസ്.ഇയില്‍ 4.48% ഉയര്‍ന്ന് 419.50 രൂപയില്‍ ജ്യോതി ലാബ്‌സ് ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നു.