റബര്‍വില കേരളത്തില്‍ 182 രൂപയിലെത്തി; സബ്‌സിഡി തുക 180 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്!

സബ്‌സിഡി തുകയ്ക്ക് മുകളിലാണ് നിലവില്‍ വിപണിവില; കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ റബര്‍ ബോര്‍ഡ്

Update: 2024-03-16 11:31 GMT

Image : Canva

റബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്ന പദ്ധതിയിലെ താങ്ങുവില 180 രൂപയാക്കി ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ഉത്പാദന ബോണസ് 180 രൂപയാക്കി ഉയര്‍ത്തിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് അറിയിച്ചത്. റബര്‍ വിലസ്ഥിരതാ പദ്ധതിയിലെ കിലോയ്ക്ക് 170 രൂപയായിരുന്ന താങ്ങുവില 10 രൂപ ഉയര്‍ത്തി 180 രൂപയാക്കുമെന്ന് ഇക്കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഇത് സംബന്ധിച്ച ഉത്തരവാണ് ഇന്ന് പുറത്തിറക്കിയത്.
സബ്‌സിഡി പദ്ധതിക്കായി 24.48 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള എല്ലാവര്‍ക്കും സബ്‌സിഡി നല്‍കും. ഈ വര്‍ഷം പട്ടികയിലെ എല്ലാവര്‍ക്കും സബ്‌സിഡി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിപണിവില പക്ഷേ, 182 രൂപയായി
വിലത്തകര്‍ച്ച മൂലം പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയതാണ് റബര്‍ വിലസ്ഥിരതാ പദ്ധതി. കിലോയ്ക്ക് 150 രൂപ താങ്ങുവിലയാണ് അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതായത് 150 രൂപയേക്കാള്‍ കുറവാണ് വിപണിവിലയെങ്കില്‍ അതുതമ്മിലെ അന്തരം കര്‍ഷകന് സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കും.
എല്‍.ഡി.എഫ് സര്‍ക്കാര്‍ താങ്ങുവില പിന്നീട് 170 രൂപയാക്കി. ഇതാണിപ്പോള്‍ 10 രൂപ വര്‍ധിപ്പിച്ച് 180 രൂപയുമാക്കിയത്. അതേസമയം, ആര്‍.എസ്.എസ്-4 ഇനം റബറിന് കേരളത്തില്‍ വില ഇന്ന് റബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം 182 രൂപയാണ്.
ഫലത്തില്‍ ഇപ്പോള്‍ കര്‍ഷകന് സബ്‌സിഡി നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല. വില 170 രൂപയ്ക്കും താഴെയാണെങ്കിലേ നടപ്പുവര്‍ഷം (മാര്‍ച്ച് 31വരെ) സബ്‌സിഡി നല്‍കേണ്ടതുള്ളൂ. വില അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിനുശേഷം 180 രൂപയ്ക്ക് മുകളില്‍ തുടരുകയാണെങ്കിലും സബ്‌സിഡി ബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാകും.
കര്‍ഷകന് തിരിച്ചടി
താങ്ങുവില 250 രൂപയെങ്കിലുമാക്കണമെന്നായിരുന്നു കര്‍ഷകരുടെയും റബര്‍ വ്യാപാര രംഗത്തുള്ളവരുടെയും ആവശ്യം. കിലോയ്ക്ക് 200 രൂപയിലധികം ഉത്പാദനച്ചെലവ് തന്നെയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

റബറിന്റെ കോട്ടയം, ബാങ്കോക്ക് വിലകള്‍ (Source: Rubber Board)


 

റബറിന്റെ വിദേശവിലയും കേരളത്തിലെ വിലയും തമ്മില്‍ 46 രൂപയുടെ അന്തരം ഇപ്പോഴുണ്ട്. ആര്‍.എസ്.എസ്-4ന് ബാങ്കോക്കിൽ വില 228.49 രൂപയാണ്. റബറിന് വിദേശത്ത് വില കത്തിക്കയറുമ്പോഴും ആഭ്യന്തരവില ആനുപാതികമായി കുതിക്കാത്തത് കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ നിരാശയാണ്. വേനല്‍ച്ചൂട് മൂലം ടാപ്പിംഗും ഉത്പാദനവും കുറഞ്ഞതും കര്‍ഷകരെ വലയ്ക്കുന്നുണ്ട്.
കയറ്റുമതിക്ക് പച്ചക്കൊടി; 5 രൂപ സഹായധനവുമായി റബര്‍ ബോര്‍ഡ്
റബര്‍ ഷീറ്റ് കയറ്റുമതി ചെയ്യുന്നവര്‍ക്ക് കിലോയ്ക്ക് 5 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ റബര്‍ ബോര്‍ഡ് തീരുമാനിച്ചു. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് തീരുമാനം. ആര്‍.എസ്.എസ്-1 മുതല്‍ 4 വരെയുള്ള റബര്‍ ഷീറ്റുകള്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും.
Tags:    

Similar News