കള്ള് ചെത്തി വില്‍ക്കാന്‍ അനുവദിക്കണമെന്ന് ഹോംസ്‌റ്റേകളും

ശുദ്ധമായ കള്ളിന്റെ വില്‍പന വിനോദ സഞ്ചാരത്തിനും നേട്ടമാകുമെന്ന്

Update:2023-08-02 16:06 IST

സംസ്ഥാനത്തെ ഹോംസ്‌റ്റേകളില്‍ അതിഥികള്‍ക്ക് കള്ള് ചെത്തി വില്‍ക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോം സ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി. ടൂറിസം സീസണില്‍ കള്ള് ചെത്തി വില്‍ക്കാന്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കാബിനറ്റ് അനുമതി നല്‍കിയിരുന്നു.

ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി നിലവില്‍ ഹോം സ്‌റ്റേകളിലെ അതിഥികള്‍ക്ക് കള്ള് ചെത്തുന്നത് കാണാന്‍ അവസരമുണ്ടെങ്കിലും ഇവര്‍ക്ക് വില്‍പന നടത്താന്‍ എക്‌സൈസ് നിയമം അനുവദിക്കുന്നില്ല. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നല്‍കുന്ന പരിഗണന ഹോംസ്‌റ്റേകള്‍ക്കും ലഭ്യമാക്കിയാല്‍ വിനോദ സഞ്ചാരത്തിന് പ്രോത്സാഹനമാകുമെന്ന് സൊസൈറ്റി ഡയറക്ടര്‍ എം.പി. ശിവദത്തന്‍ പറഞ്ഞു. ചെത്ത് തൊഴിലാളികള്‍ക്കും ഇത് മികച്ച വരുമാനനേട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈനും വേണം
പരമ്പരാഗ രീതിയില്‍ പഴവര്‍ഗങ്ങള്‍ ഉപയോഗിച്ച് വൈന്‍ ഉത്പാദിപ്പിച്ച്, ഹോം സ്റ്റേയില്‍ അതിഥികള്‍ക്ക് നല്‍കാനായാല്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാമെന്ന് എം.പി. ശിവദത്തന്‍ പറഞ്ഞു. ടൂറിസം സീസണില്‍ മാത്രം കള്ളും വൈനും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും അനുവദിക്കാമെന്നാണ് കാബിനറ്റ് വ്യക്തമാക്കിയത്.
ഇപ്പോള്‍ എല്ലാ മാസവും സഞ്ചാരികള്‍ എത്തുന്നുണ്ടെന്നതിനാല്‍ ടൂറിസം സീസണില്‍ മാത്രം വിറ്റഴിച്ചാല്‍ മതിയെന്ന നിബന്ധന ഒഴിവാക്കണമെന്ന ആവശ്യം ടൂറിസം രംഗത്തുള്ളവരും ഉയര്‍ത്തുന്നുണ്ട്.
Tags:    

Similar News