ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് സൈറ്റുകളോട് നിസഹകരിക്കും: അസോസിയേഷന്‍

Update: 2018-12-13 11:32 GMT

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സൈറ്റുകള്‍ക്കെതിരെയുള്ള സമരത്തിന് പിന്നാലെ ഹോട്ടല്‍ ബുക്കിംഗ് സൈറ്റുകള്‍ക്കെതിരെയും കേരളത്തില്‍ പ്രതിഷേധം ഇരമ്പുന്നു. കുറഞ്ഞ നിരക്കില്‍ ഹോട്ടല്‍ മുറികളുടെ ബുക്കിംഗ് സ്വീകരിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയാണെന്ന പരാതിയുമായി കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍.

ഇത്തരം സൈറ്റുകളുമായി നിസഹകരിക്കുന്ന നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഹോട്ടല്‍ ഉടമകള്‍. കൊച്ചിയില്‍ നടന്ന ബജറ്റ് ഹോട്ടല്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം.

ഒയോ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ഹോട്ടല്‍ റൂം ബുക്കിംഗ് സൈറ്റുകള്‍ വളരെ കുറഞ്ഞ നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് മുറി നല്‍കുന്നത്. കൂടാതെ ഇവര്‍ കൂടിയ കമ്മീഷന്‍ ഹോട്ടലുകളില്‍ നിന്ന് ഈടാക്കുന്നുണ്ടത്രെ.

ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, വെള്ളം ചെലവുകള്‍ എന്നിവ കണക്കാക്കുമ്പോള്‍ പലപ്പോഴും വന്‍നഷ്ടമാണ് ഇതുവഴി ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും ഉണ്ടാകുന്നതെന്ന് ഹോട്ടലുടമകള്‍ പറയുന്നു. 999 രൂപയാണ് അടിസ്ഥാന നിരക്കെങ്കിലും ഇതിലും താഴെയാണ് പലപ്പോഴും സൈറ്റുകള്‍ ബുക്കിംഗ് സ്വീകരിക്കാറുള്ളത്.

ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടത്താനാണ് ബജറ്റ് ഹോട്ടലുടമകളുടെ തീരുമാനം. ഇവരുടെ യോഗത്തിലെ തീരുമാനങ്ങള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ അറിയിക്കും. അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ നിസഹകരിക്കും. ഒയോയ്‌ക്കെതിരെ നിയമനടപടിക്കും ദേശീയ സംഘടന ആലോചിക്കുന്നുണ്ട്.

Similar News