'ഐഡി ഫ്രഷ്' ഇനി ഫ്രഷ് മാത്രമല്ല ഓർഗാനിക്കും കൂടിയാണ്!

Update: 2019-03-29 06:22 GMT

മലയാളിയായ പി.സി മുസ്തഫ നയിക്കുന്ന 'ഐഡി ഫ്രഷ്' ഓർഗാനിക് സെഗ്മെന്റിലേക്ക്. ഓർഗാനിക് റേഞ്ചിലുള്ള ഇഡലി-ദോശ മാവ്, ഗോതമ്പ്-ഓട്സ് ദോശമാവ്, അരി-റവ ഇഡ്‌ലിമാവ്, റാഗി ഇഡലി, മലബാർ പൊറോട്ട, ഗോതമ്പ് പൊറോട്ട എന്നിവയാണ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്.

ക്രമേണ, ബ്രാൻഡ് മുഴുവനായും ഓർഗാനിക് ഭക്ഷണത്തിലേക്ക് മാറും. മൂന്ന് വർഷമായി കമ്പനി ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും മാറ്റം വ്യക്തിപരമായ ചില താല്പര്യങ്ങൾ മാനിച്ചുകൊണ്ടുമാണെന്ന് സ്ഥാപകനായ മുസ്തഫ പറയുന്നു.

തന്റെ കുടുംബത്തിൽ ജീവിത ശൈലീരോഗങ്ങൾ മൂലം മരണപ്പെട്ടവരുണ്ട്. കാൻസർ ഉൾപ്പെടെയുള്ള അസുഖങ്ങൾ കുടുംബാംഗങ്ങളെ ബാധിച്ചിട്ടുണ്ട്. പ്രിസെർവേറ്റീവ് ഇല്ലാത്തതും ഓർഗാനിക്കുമായ ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ഐഡി ഫ്രഷിന്റെ ലക്ഷ്യമാണെന്ന് മുസ്‌തഫ പറയുന്നു.

പി.സി മുസ്തഫ ധനത്തിന് നൽകിയ അഭിമുഖം ഇവിടെ വായിക്കാം

മുസ്‌തഫയും ബന്ധുക്കളായ കുറച്ചുപേരും ചേർന്ന് ഡിസംബർ 2005 ലാണ് ഐഡി ഫ്രഷ് തുടങ്ങിയത്. ബെംഗളൂരുവിൽ 50 സ്‌ക്വയർ ഫീറ്റ് വലിപ്പം മാത്രമുള്ള അടുക്കളയിൽ ഇഡലി, ദോശ മാവ് ഉണ്ടാക്കി വിറ്റായിരുന്നു തുടക്കം. 25,000 രൂപയായിരുന്നു മുതൽ മുടക്ക്. നഗരത്തിലെ 20 സ്റ്റോറുകളിൽ വില്പന നടത്തണമെന്ന ടാർജറ്റ് ആദ്യത്തെ ഒൻപത് മാസം കൊണ്ടാണ് നേടിയത്.

ഇന്ന് ഒരു ദിവസം 55,000 കിലോ ഇഡലി മാവാണ് ഐഡി ഫ്രഷ് വിൽക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി അഞ്ച് ഫാക്ടറികൾ ഉണ്ട്. 210 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഹീലിയോൺ വെൻച്വേഴ്‌സ്, പ്രേംജി ഇൻവെസ്റ്റ്മെന്റ് എന്നിവയിൽ നിന്ന് ഈയിടെ ഫണ്ടിംഗ് നേടിയിരുന്നു.

Similar News