പഴക്കൃഷിയെ തോട്ടവിളയാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി
കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വേള്‍ഡ് ഫുഡ് ഇന്ത്യ വ്യവസായ സംഗമം സംഘടിപ്പിക്കും;
പഴക്കൃഷിയെ തോട്ടവിളയായി കണക്കാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പി. രാജീവ്. തോട്ടവിളകളെ വ്യവസായ വകുപ്പിന് കീഴിലാക്കി സംസ്ഥാന സര്‍ക്കാര്‍ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പഴക്കൃഷിയെയും തോട്ടവിളയായി പരിഗണിക്കാനുള്ള ശ്രമം. ഇത് സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്കായി സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രാദേശിക വ്യവസായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വകുപ്പും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ വ്യവസായ സംഗമത്തിന് മുന്നോടിയായാണ് പ്രാദേശിക വ്യവസായ സംഗമം ഒരുക്കിയത്. നവംബര്‍ മൂന്നുമുതല്‍ അഞ്ചുവരെ ഡല്‍ഹി പ്രഗതി മൈതാനിയിലാണ് വേള്‍ഡ് ഫുഡ് ഇന്ത്യ സംഗമം. കേരളമാണ് സംഗമത്തിന്റെ സ്റ്റേറ്റ് പാര്‍ട്ണര്‍.