കേരളത്തില്‍ പാല്‍, മത്സ്യ വിതരണ ശൃംഖലകള്‍ ബ്ലോക്ക് ചെയിനിലേയ്ക്ക്

Update: 2018-06-18 07:20 GMT

സംസ്ഥാനത്തെ പാല്‍, പച്ചക്കറി, മത്സ്യം എന്നിവയുള്‍പ്പെടുന്ന ദൈനംദിന ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയിന്‍ എന്ന പുത്തന്‍ സാങ്കേതികവിദ്യയിലേയ്ക്ക് തിരിയുന്നു.

കേരള ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (KDISC) നയിക്കുന്ന ഈ പദ്ധതി പ്രകാരം (റേഡിയോ ഫ്രിക്വന്‍സി ഐഡന്റിഫിക്കേഷന്‍) RFID ടാഗുകളും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (IoT) ഉപകരണങ്ങളും ഉപയോഗിച്ചായിരിക്കും ചരക്ക് ഗതാഗതം നിരീക്ഷിക്കുക.

പാലുല്പാദന മേഖലയില്‍ ഈ സാങ്കേതിക വിദ്യ നടപ്പാക്കിയാല്‍, ഉല്പാദനം, ശേഖരണം, വിതരണം എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കാനാകുമെന്ന്, കെ-ഡിസ്‌ക് ചെയര്‍മാന്‍ കെ എം എബ്രഹാം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇതുമൂലം, വിതരണം വേഗത്തിലാക്കാനും സാധിക്കും.

ഒരിക്കല്‍ ഈ സാങ്കേതിക വിദ്യയിലേയ്ക്ക് മാറിയാല്‍, വിതരണ ശൃംഖലയിലെ ഓരോ കണ്ണികള്‍ക്കും പ്രത്യേകം ഐഡി ഉണ്ടാകും. ഈ ഐഡി ബ്ലോക്ക് ചെയിനില്‍ രേഖപ്പെടുത്തിയിരിക്കും.

ഇതുവഴി ഓരോ ഉല്‍പനത്തിന്റെയും ഗുണമേന്മ അതാതിന്റെ ഉറവിടത്തില്‍ വച്ച് അതാത് സമയത്ത് തന്നെ അളക്കാന്‍ കഴിയും.

ഫിഷ്‌ലാന്‍ഡിംഗ് പ്രദേശങ്ങളും കൃഷി സ്ഥലങ്ങളും മറ്റും ജിയോ-കോഡെഡ് ഛായാ ചിത്രങ്ങളുപയോഗിച്ച് ബ്ലോക്ക് ചെയിനുമായി ബന്ധിപ്പിക്കും. ഇതുപയോഗിച്ചും ഉല്പന്നങ്ങളുടെ കൈമാറ്റം നിരീക്ഷിക്കാം.

കര്‍ഷകര്‍ക്ക് നല്‍കുന്ന വിള ഇന്‍ഷുറന്‍സ് സ്‌കീമിലും ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തും. വേഗത്തിലുള്ള ഇന്‍ഷുറന്‍സ് ക്ലെയിം തീര്‍പ്പാക്കലിന് ഇത് സഹായിക്കും. മാത്രമല്ല, വിളനാശം പ്രകൃത്യാലുള്ള കാരണങ്ങള്‍ കൊണ്ടാണോ ഉണ്ടായെതെന്ന് പരിശോധിക്കാനും അതുവഴി ഇന്‍ഷുറന്‍സ് ദാതാക്കളും കൃഷിക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വേഗം പരിഹാരം കാണാനും കഴിയും.

സര്‍ക്കാരിന്റെ കീഴില്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്കാന്‍ എബിസിഡി എന്ന പരിപാടി തുടങ്ങിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

എന്താണ് ബ്ലോക്ക് ചെയിന്‍?

സുതാര്യമായ ഡിജിറ്റല്‍ കണക്ക് പുസ്തകം പോലുള്ള ഒരു ഡേറ്റാബേസ് ആണ് ബ്ലോക്ക് ചെയിന്‍. ഡിജിറ്റല്‍ പണമിടപാടുകള്‍ റെക്കോര്‍ഡ് ചെയ്യാനാണ് ഇത് ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോള്‍ റീറ്റെയ്ല്‍ മുതല്‍ മാനുഫാക്ച്വറിംഗ് വരെ ഒട്ടുമിക്ക മേഖലകളിലും ഇതുപയോഗിക്കാറുണ്ട്. ഓരോ ബ്ലോക്കുകളായാണ് വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അക്‌സസ്സ് ചെയ്യാം പക്ഷെ മായ്ക്കാനോ മാറ്റം വരുത്താനോ കഴിയില്ല.

Similar News