കിന്‍ഫ്രാ ഡിഫന്‍സ് പാര്‍ക്ക് ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യും,

Update: 2020-09-16 10:44 GMT

കൊച്ചി- ഇന്ത്യാ ഗവണ്‍മെന്റ് അംഗീകാരമുള്ള രാജ്യത്തെ ആദ്യത്തെ ഡിഫെന്‍സ് പാര്‍ക്ക് അടുത്ത മാസം പാലക്കാട് ഒറ്റപ്പാലത്ത് പ്രവര്‍ത്തനാരംഭിക്കും. കിന്‍ഫ്രാ ഡിഫന്‍സ് പാര്‍ക്കിലെ നിക്ഷേപ സാധ്യതകള്‍ സംരംഭകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വെര്‍ച്വല്‍ ബിസിനസ് കോണ്‍ക്ലേവില്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ ഐ എ എസ് ആണ് ഇക്കാര്യം അറിയിച്ചത്. കിന്‍ഫ്രയും സംസ്ഥാന വ്യവസായ വകുപ്പും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും(ഫിക്കി) ചേര്‍ന്ന് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ഡിഫന്‍സ് പാര്‍ക്കിലെ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണവും ബി ടു ബി മീറ്റും നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം പ്രതിരോധ ഉപകരണ നിര്‍മാണ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു.

ഡിഫന്‍സ് പാര്‍ക്കില്‍ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സാങ്കേതിക നൂലാമാലകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ഇളങ്കോവന്‍ വ്യക്തമാക്കി. ഓണ്‍ലൈനില്‍ ഇ അപ്ലിക്കേഷന്‍ നല്‍കിയാല്‍ മൂന്നു വര്‍ഷത്തേക്ക് കമ്പനിക്ക് ഒരു തടസവും കൂടാതെ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് അനുവദിക്കും. കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയില്‍ സ്ഥിതി ചെയ്യുന്നത് ഡിഫന്‍സ് പാര്‍ക്കിന്റെ വലിയ അനുകൂലഘടകമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ് കേരള പ്രോജക്ട് ഉടന്‍ ആരംഭിക്കുമെന്നും ഇളങ്കോവന്‍ അറിയിച്ചു.

ഡിഫന്‍സ് പാര്‍ക്കില്‍ നിക്ഷേപകര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും പൂര്‍ണമായും ഒഴിവാക്കിക്കൊടുക്കുമെന്ന് കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് അറിയിച്ചു. 60 ഏക്കറുള്ള ഡിഫന്‍സ് പാര്‍ക്കില്‍ 47.50 ഏക്കര്‍ ഭൂമി കമ്പനികള്‍ക്ക് അലോട്ട് ചെയ്യും. 3,28,630 ചതുരശ്ര അടി കോമണ്‍ ഫെസിലിറ്റി സെന്ററും 19000 ചതുരശ്ര അടി വെയര്‍ഹൗസ് ഫെസിലറ്റിയും ഇവിടെയുണ്ട്. സംരംഭകര്‍ക്കായി അതിവിപുലവും അത്യാധുനികവുമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. സ്‌കില്‍ഡ് മാന്‍പവര്‍ പാര്‍ക്കില്‍ ലഭ്യമാക്കും. ചെറുകിട യൂണിറ്റുകളുടെ ഗുണനിലവാര പരിശോധക്ക് കേന്ദ്ര സര്‍ക്കാരിന്റെ ടെസ്റ്റിംഗ് ലാബ് കൂടി നടപ്പാക്കുന്നുണ്ട്.

30 വര്‍ഷമായിരിക്കും ഭൂമിയുടെ പാട്ടക്കാലാവധി. ഇത് 90 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ കഴിയും. ബില്‍ട്ടപ്പ് സ്‌പേസിന്റെ പാട്ടക്കാലാവധി 10 വര്‍ഷവും 30 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാവുന്നതുമായിരിക്കും. പാട്ടത്തുകയുടെ പ്രീമിയത്തിന്റെ 10 ശതമാനം 30 ദിവസത്തിനകം അടയ്ക്കണം. ബാക്കി തുക അഞ്ച് വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതിയാകുമെന്ന് അദ്ദേഹം അറിയിച്ചു.

ബിസിനസ് കോണ്‍ക്ലേവില്‍ ഫിക്കി ഡിഫന്‍സ് കമ്മിറ്റി കോ ചെയര്‍മാന്‍ സുധാകര്‍ ദേശ്പാണ്ഡെ, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി, ഫിക്കി സ്‌പേസ് കമ്മിറ്റി കോ ചെയര്‍മാന്‍ ഡോ. സുബ്ബറാവു പവലൂരി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News