കിറ്റെക്‌സിന്റെ സെപ്റ്റംബര്‍പാദ ലാഭം 38% ഇടിഞ്ഞു; വരുമാനത്തിലും വീഴ്ച

ഇന്ന് ഓഹരിവിപണിയില്‍ വ്യാപാരം പൂര്‍ത്തിയായശേഷമാണ് പ്രവർത്തനഫലം പുറത്തുവിട്ടത്

Update:2023-11-06 23:10 IST

കുട്ടികളുടെ വസ്ത്രനിര്‍മ്മാണ രംഗത്തെ പ്രമുഖരായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത് 38.38 ശതമാനം ഇടിവോടെ 13 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 22 കോടി രൂപയായിരുന്നു. അതേസമയം, നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണിലെ 8 കോടി രൂപയെ അപേക്ഷിച്ച് കഴിഞ്ഞപാദ ലാഭം 70.42 ശതമാനം കുതിച്ചുയരുകയാണുണ്ടായത്.

മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 151 കോടി രൂപയില്‍ നിന്ന് 140 കോടി രൂപയിലേക്ക് കുറഞ്ഞു; 6.97 ശതമാനമാണ് ഇടിവ്. പാദാടിസ്ഥാനത്തില്‍ 148 കോടി രൂപയില്‍ നിന്ന് 5.45 ശതമാനവും കുറവാണ് വരുമാനം. ഇന്ന് ഓഹരി വിപണിയില്‍ വ്യാപാര സമയം അവസാനിച്ചശേഷമാണ് കിറ്റെക്‌സ് പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. വ്യാപാരാന്ത്യത്തില്‍ 0.71 ശതമാനം നേട്ടവുമായി 205 രൂപയിലാണ് ഓഹരി വിലയുള്ളത്.
തെലങ്കാനയിലെ പാര്‍ക്കും വായ്പയും
നടപ്പുവര്‍ഷത്തെ (2023-24) ആദ്യപകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) കിറ്റെക്‌സിന്റെ സംയോജിത കടം 25 കോടി രൂപയില്‍ നിന്ന് 341 കോടി രൂപയായി വര്‍ധിച്ചു. തെലങ്കാനയില്‍ സ്ഥാപിക്കുന്ന ഫാക്ടറിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിലാണിത്.
തെലങ്കാനയില്‍ സ്ഥാപിച്ച കിറ്റെക്‌സ് അപ്പാരല്‍ പാര്‍ക്‌സ് ലിമിറ്റഡില്‍ 70 ശതമാനം ഓഹരിപങ്കാളിത്തം കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനും 30 ശതമാനം ഗ്രൂപ്പിലെ കിറ്റെക്‌സ് ചില്‍ഡ്രന്‍വെയര്‍ ലിമിറ്റഡിനുമാണ്.
Tags:    

Similar News