വൈദ്യുതി നിരക്ക് ഉയരും, യൂണീറ്റിന് ഒന്നര രൂപയോളം വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി
മിച്ച വൈദ്യുതി സംസ്ഥാനത്തെ വ്യവസായിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതും കെഎസ്ഇബി പരിഗണിക്കുന്നുണ്ട്.
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉയര്‍ത്തണമെന്ന് ശിപാര്‍ശ ചെയ്ത് കെഎസ്ഇബി. നിരക്ക് ഒരു രൂപ മുതല്‍- ഒന്നര രൂപവരെ ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം റഗുലേറ്ററി കമ്മീഷന് ഇന്ന് കൈമാറും.
2013-2020 കാലയളവില്‍ ഒരു രൂപയാണ് വര്‍ധിപ്പിച്ചത്. അതിനാല്‍ 2022ല്‍ അടിയന്തിരമായി ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. വരുന്ന 5 വര്‍ഷം കൊണ്ട് 2.33 രൂപ വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും ഭാവിയില്‍ ചെലവ് കുറയുന്നതോടെ യൂണീറ്റിന് 1.50 രൂപയായി നരക്ക് പിടിച്ചു നിര്‍ത്താമെന്നാണ് പ്രതീക്ഷ. യൂണീറ്റിന് ഒരു രൂപ വര്‍ധിച്ചാല്‍ ഗാര്‍ഹിക വൈദ്യുതി ബില്ലിന്മേല്‍ ഏകദേശം 20 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായേക്കാം.
കോവിഡ് സാഹചര്യം പരിഗണിച്ച് നിരക്ക് വര്‍ധനവ് ഒഴിവാക്കണമെന്നാണ് ഉപഭോക്തൃ സംഘടനകളുടെ ആവശ്യം. അതിവര്‍ഷകാലത്ത് വരുന്ന മിച്ച വൈദ്യുതി സംസ്ഥാനത്തെ വ്യവസായിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതും കെഎസ്ഇബി പരിഗണിക്കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 28,000 കോടിയുടെ മൂലധന നിക്ഷേപമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് 8000 കോടിയും പ്രസരണ, വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ 1,3000 കോടിയുമാണ് നീക്കിവെക്കുന്നത്. ഈ രണ്ട് പദ്ധതികള്‍ക്കും കേന്ദ്ര വിഹിതം ലഭിക്കും. നിലവില്‍ 6000 കോടിയാണ് കെഎസ്ഇബിയുടെ സഞ്ചിത നഷ്ടം.