ഓട്ടോ പാര്‍ട്ട്‌സ് മുതല്‍ മര ഉരുപ്പടികള്‍ വരെ, ഇ-കൊമേഴ്‌സ് രംഗത്തേക്ക് എല്‍&ടി

ചെറുകിട സംരംഭകര്‍ക്ക് വലിയ വിപണി സാധ്യതയാണ് എല്‍&ടി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ ലഭിക്കുക

Update:2022-03-08 11:45 IST

നിര്‍മാണ- വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കായി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് അവതരിപ്പിച്ച് എല്‍&ടി (Larsen & Toubro). സുഫിന്‍(SuFin) എന്ന പേരില്‍ തിങ്കളാഴ്ചയാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം വായ്പാ സേവനങ്ങളും എല്‍&ടി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്.

സ്ഥാപനങ്ങള്‍ക്കും വ്യക്തകള്‍ക്കും മിതമായ നിരക്കില്‍ ചെറുകിട- ഇടത്തര സംരംഭകരിൽ (എംഎസ്എംഇ) നിന്ന് സാധന-സേവനങ്ങള്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കുകയാണ് സുഫിന്‍. വന്‍കിട സ്ഥാപനങ്ങളെയും എംഎസ്എംഇകളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരനായാവും വെബ്‌സൈറ്റ് പ്രധാനമായും പ്രവര്‍ത്തിക്കുകയെന്ന് എല്‍&ടി സിഇഒയും എംഡിയുമായ എസ്എന്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
20,000ല്‍ അധികം സ്ഥാപനങ്ങള്‍ സുഫിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈകാതെ അസംസ്‌കൃത വസ്തുക്കളും കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കും. നിലവില്‍ നാല്‍പ്പതിലധികം വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ചെറുകിട-ഇടത്തരം മേഖലയില്‍ നിന്നുള്ള അറ്റകൂറ്റപ്പണികള്‍ക്കുള്ള (MRO items) ഉല്‍പ്പന്നങ്ങള്‍ക്ക് 1.5 ലക്ഷം കോടിയുടെ വിപണിയാണ് ഉള്ളത്. പ്രധാനമായും നിര്‍മാണ മേഖലയാണ് ഇവയുടെ മുഖ്യ ഉപഭോക്താക്കള്‍. ചെറുകിട സംരംഭകര്‍ക്ക് വലിയ വിപണി സാധ്യതയാണ് എല്‍&ടി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ ലഭിക്കുക.


Tags:    

Similar News