ലാറി ഫിങ്ക്; മുകേഷ് അംബാനിയുടെ ഈ പുതിയ പങ്കാളി ചില്ലറക്കാരനല്ല!

ഇന്ത്യന്‍ ജി.ഡി.പിയുടെ മൂന്നിരട്ടിയാണ് ലാറി ഫിങ്കിന്റെ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി

Update:2023-07-28 15:46 IST

ലാറി ഫിങ്ക്, മുകേഷ് അംബാനി

ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് അമേരിക്കന്‍ ശതകോടീശ്വരന്‍ ലാറി ഫിങ്കിന്റെ നേതൃത്വത്തിലുള്ള ബ്ലാക്ക്‌റോക്ക്. നാല് വര്‍ഷം മുന്‍പ് ഇന്ത്യയോട് വിട പറഞ്ഞു പോയ ബ്ലാക്ക്‌റോക്ക് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്ന് വീണ്ടും തിരിച്ചെത്തുകയാണ്. റിലയന്‍സിന്റെ പുതിയ കമ്പനിയായ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസുമായി ചേര്‍ന്ന് അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാപിക്കാനാണ് നീക്കം.

1988ലാണ് ലാറിഫിങ്ക് ബ്ലാക്ക്‌റോക്ക് സ്ഥ്പിക്കുന്നത്. ഇന്ന് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 9.43 ലക്ഷം കോടി ഡോളറാണ്. അതായത് ഇന്ത്യന്‍ ജി.ഡിപിയുടെ (മൊത്ത ആഭ്യന്തര ഉത്പാദനം/ Gross Domestic Product) മൂന്നു മടങ്ങ് വരും.
ആഗോള കമ്പനികളില്‍ പങ്കാളിത്തം
ലോക ഓഹരികളുടെ ഏകദേശം 10 ശതമാനവും കൈകാര്യം ചെയ്യുന്നത് കമ്പനിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഷാഡോ ബാങ്കാണ് ബ്ലാക്ക്റോക്ക്. കടം കൊടുക്കുന്നവര്‍, ബ്രോക്കര്‍മാര്‍, മറ്റ് ക്രെഡിറ്റ് ഇടനിലക്കാര്‍ എന്നിവരടങ്ങിയ പരമ്പരാഗത നിയന്ത്രിത ബാങ്കിംഗ് സംവിധാനത്തിന് പുറത്തുള്ള സംവിധാനമാണ് ഷാഡോ ബാങ്കിംഗ്.

അമേരിക്കന്‍ മൊബൈല്‍ കമ്പനിയായ ആപ്പിളിന്റെ 6.5 ശതമാനം ഓഹരികൾ  കമ്പനിയുടെ കൈവശമാണ്. ഫെയ്‌സ് ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിലും 6.5 ശതമാനം ഓഹരി വിഹിതമുണ്ട്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍  4.5 ശതമാനവും.

ബാങ്ക് ജീവനക്കാരനില്‍ നിന്ന്
23-ാം വയസില്‍ ബാങ്ക് ജീവനക്കാരനായാണ് പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയായ ലാറി ഫിങ്കിന്റെ ഔദ്യോഗിക ജീവിതത്തുടക്കം. 31-ാം വയസില്‍  മാനേജിംഗ് ഡയറക്ടറായി. ബാങ്കിന് 10 കോടി ഡോളര്‍ (800 കോടി രൂപ) നഷ്ടമുണ്ടാക്കിയതിനെ തുടര്‍ന്ന് ബാങ്ക് ലാറി ഫിങ്കിനെ പിരിച്ചു വിട്ടു. മുപ്പത്തഞ്ചാം വയസില്‍ സ്വന്തമായി ലാറി തുടങ്ങിയതാണ് ബ്ലാക്ക്റോക്ക്.
അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ജനറല്‍ ജനറല്‍ ഇലക്ട്രികിന്റെ ആസ്തികളാണ് ആദ്യം കൈകാര്യം ചെയ്തത്. മികച്ച പ്രകടനം കാഴ്ചവച്ചതോടെ നിരവധി ഇടപാടുകള്‍ ലഭിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ 2 ,000 കോടി ഡോളര്‍ (1.64 ലക്ഷം കോടി രൂപ ) ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനിയായി മാറി. നിലവില്‍ സര്‍ക്കാരുകളുടേതടക്കം പണം കൈകാര്യം ചെയ്യുന്നുണ്ട് ബ്ലാക്ക്റോക്ക്.
2008 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അമേരിക്കയെ മറികടക്കാന്‍ സഹായിച്ചത് ബ്ലാക്ക് റോക്കാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കോവിഡ് കാലത്തും ബ്ലാക്ക്റോക്ക് അമേരിക്കയെ സഹായിച്ചു.
ലാറി ഫിങ്കിന്റെ നിലവിലെ ആസ്തി ഏകദേശം 8,200 കോടി രൂപയാണ്.
Tags:    

Similar News