ലാപ്‌ടോപ്പും വേണ്ട, മീറ്റിംഗുമില്ല, 9 ദിവസം വിശ്രമിച്ച് തിരിച്ചു വരാം, ജീവനക്കാരെ വീണ്ടും ഞെട്ടിച്ച് മീഷോ

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കമ്പനി ജീവനക്കാര്‍ക്കായി റീസെറ്റ് ആന്‍ഡ് റീചാര്‍ജ് പദ്ധതി നടപ്പാക്കുന്നത്

Update:2024-10-12 14:23 IST

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ മീഷോ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തേക്ക് ശമ്പളത്തോടു കൂടി അവധി നല്‍കുന്ന റീസെറ്റ് ആന്‍ഡ് റീചാര്‍ജ് എന്ന പദ്ധതിയുമായി ഈ ഉത്സവ കാലത്തും എത്തി.

കമ്പനിയുടെ ഔദ്യോഗിക  ലിങ്ക്ഡ് ഇന്നില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് റീസെറ്റ് ആന്‍ഡ് റീചാര്‍ജ് പദ്ധതി. കമ്പനിയുടെ മെഗാബ്ലോക്ക്ബസ്റ്റര്‍ സെയില്‍ വിജയമാക്കാന്‍ അക്ഷീണമായി പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് അവരവരെ തന്നെ വീണ്ടെടുക്കാനുള്ള അവസരമാണിതെന്ന് കമ്പനി വ്യക്തമാക്കി. ഇത് നാലാം തവണയാണ് മീഷോ ജീവനക്കാര്‍ക്കായി ഈ പദ്ധതി അവതരിപ്പിക്കുന്നത്.

വരാനിരിക്കുന്ന ഉത്സവ സീസണും തൊഴില്‍ ജീവിതത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ അവസരം നല്‍കുന്നത്. അവധിയെടുക്കുന്ന ദിവസങ്ങളില്‍ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ഇടപെടേണ്ടതില്ല. ലാപ് ടോപ്പ് പൂര്‍ണമായി ഉപേക്ഷിക്കാം. മെസേജുകള്‍ക്കോ ഇ-മെയിലുകള്‍ക്കോ മറപടി നല്‍കുകയോ മീറ്റിംഗുകളില്‍ പങ്കെടുക്കുകയോ അല്ലെങ്കില്‍ കോളുകള്‍ അറ്റന്റ് ചെയ്യുകയോ വേണ്ടെന്നും കമ്പനിയുടെ കുറിപ്പിൽ പറയുന്നു.


Full View

കമ്പനിയുടെ പോസ്റ്റിനു താഴെ നിരവധി അഭിനന്ദന കമന്റുകളും വരുന്നുണ്ട്. ജീവനക്കാരെ വിലമതിക്കുന്നുവെന്നതിനുള്ള തെളിവാണിതെന്നും ജീവനക്കാരെ ഉന്മേഷത്തോടെ നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം കമ്പനി തിരിച്ചറിയുന്നത് അഭിനന്ദനാര്‍ഹമാണെന്നും ചിലര്‍ കമന്റ് ചെയ്തു.

സ്ഥാപനത്തില്‍ പോസിറ്റീവ് കള്‍ച്ചര്‍ കൊണ്ടു വരാന്‍ ഇതു പ്രയോജനപ്പെടുമെന്നും ബ്രേക്കിനു ശേഷം തിരിച്ചു വരുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ ആത്മാര്‍ത്ഥമായും സ്മാര്‍ട്ടായും തൊഴില്‍ ചെയ്യാനാകുമെന്നും പലരും വിലയിരുത്തി. വര്‍ക്ക് ലൈഫ് ബാലന്‍സിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന സമയത്താണ് മീഷോയുടെ പദ്ധതി ശ്രദ്ധിക്കപ്പെടുന്നത്.

Tags:    

Similar News