പ്രതിഷേധം മുറുകി; രക്ഷാ തന്ത്രങ്ങള്‍ പുറത്തെടുത്ത് ചൈനീസ് ബ്രാന്‍ഡുകള്‍

Update: 2020-06-27 08:27 GMT

ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തിനിടെ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഫാക്ടറികള്‍ക്കും റീട്ടെയില്‍ സ്റ്റോറുകള്‍ക്കും എതിരെ രൂക്ഷ പ്രതിഷേധം ഉയരുന്നതിലുള്ള ആശങ്ക രേഖപ്പെടുത്തി വ്യവസായ ബോഡി ഇന്ത്യ സെല്ലുലാര്‍ & ഇലക്ട്രോണിക്സ് അസോസിയേഷന്‍.നാശനഷ്ടങ്ങള്‍ വരുത്തിവച്ച ഇത്തരം സംഭവങ്ങള്‍ അവഗണിക്കരുതെന്ന് സ്മാര്‍ട്ട്ഫോണ്‍ ബിസിനസ് മേഖലയോട് ഐസിഇഎ ആവശ്യപ്പെട്ടു 

മോട്ടറോള, ഷവോമി, ഓപ്പോ, നോക്കിയ, ഫോക്സ്‌കോണ്‍, ആപ്പിള്‍, വിസ്‌ട്രോണ്‍, ഫ്‌ളെക്ട്രോണിക്സ്, ലാവ, വിവോ തുടങ്ങിയ മൊബൈല്‍, ഘടക നിര്‍മ്മാതാക്കളെ ഐസിഇഎ പ്രതിനിധീകരിക്കുന്നു.തങ്ങളുടെ സ്റ്റോറുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ ചൈനാ വിരുദ്ധ പ്രക്ഷോഭകരില്‍ നിന്നും ആക്രമണമുണ്ടാവുമോ എന്ന ആശങ്ക വ്യാപാരികള്‍ക്കിടയില്‍ സജീവമാണ്. ഗ്രേറ്റര്‍ നോയിഡയിലെ ഓപ്പോയുടെ നിര്‍മാണ യൂണിറ്റിന്റെ പ്രധാന ഗേറ്റ്  വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാ ദളം കഴിഞ്ഞ ദിവസം ഭീമന്‍ താഴിട്ട് പൂട്ടിയിട്ടതിനെത്തുടര്‍ന്ന് 30 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പുതിയ സാഹചര്യത്തില്‍ രാജ്യത്തെ മുന്‍നിര സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളെല്ലാം ഇന്ത്യയോടുള്ള വിധേയത്വം വ്യക്തമാക്കുന്ന പ്രചാരണ പരിപാടികളിലാണ്. മുന്‍നിര ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമിയുടെ റീടെയില്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ കമ്പനിയുടെ ലോഗോയ്ക്ക് പകരം 'മേഡ് ഇന്‍ ഇന്ത്യ' എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ഷവോമി ഇന്ത്യ മേധാവിയുടെ ട്വിറ്റര്‍ പേജില്‍ മേഡ് ഇന്‍ ഇന്ത്യ ഹാഷ്ടാഗുകളും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള സഹകരണവും വ്യക്തമാക്കുന്ന ട്വീറ്റുകളുമാണ് പ്രത്യക്ഷപ്പെടുന്നത്.

ഓപ്പോ, മോട്ടോറോള, ലെനോവോ, വണ്‍പ്ലസ്, റിയല്‍മി, വിവോ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളോട് അവരുടെ കമ്പനികളുടെ ബ്രാന്‍ഡിങ് പ്രചാരണ പരിപാടികള്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മൊബൈല്‍ റീടെയ്ലേഴ്സ് അസോസിയേഷന്‍ (എഐഎംആര്‍എ) കത്തയച്ചിരുന്നു. ഷാവോമി 'മേഡ് ഇന്‍ ഇന്ത്യ' ബാനറുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതായി എഐഎംആര്‍എ ദേശീയ പ്രസിഡന്റ് അര്‍വിന്ദര്‍ ഖുരാന പ്രസ്താവനയില്‍ പറഞ്ഞു.

ഷവോമി ഇന്ത്യ മേധാവി മനുകുമാര്‍ ജെയ്ന്‍ ഷാവോമി 'മേഡ് ഇന്‍ ഇന്ത്യ' എന്നത് ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്യുന്നത്. ഷാവോമി മറ്റേത് കമ്പനിയേക്കാളും ഇന്ത്യന്‍ ആണ് എന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍നല്‍കുന്നതും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലാണ് കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററുകളും നിര്‍മ്മാണ ശാലകളും പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യയ്ക്ക് നികുതി നല്‍കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News