എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനം: 500 മില്ല്യണ്‍ യുഎസ് ഡോളറിന്റെ വായ്പയ്ക്ക് ലോകബാങ്കിന്റെ അംഗീകാരം

ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡവലപ്‌മെന്റിന്റെ (ഐ ബി ആര്‍ ഡി) 500 മില്ല്യണ്‍ യുഎസ് ഡോളര്‍ വായ്പയ്ക്ക് 5.5 വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 18.5 വര്‍ഷം കാലാവധിയുണ്ട്

Update: 2021-06-07 11:23 GMT

കോവിഡ് മഹാമാരി ഏറെ ബാധിച്ച ഇന്ത്യയുടെ എംഎസ്എംഇ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ലോകബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് 500 മില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 5,55,000 എംഎസ്എംഇകളുടെ പ്രകടനം മെച്ചപ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനത്തിനായുള്ള ലോക ബാങ്കിന്റെ രണ്ടാമത്തെ ഇടപെടലാണിത്. നേരത്തെ 2020 ജൂലൈയില്‍ എംഎസ്എംഇ എമര്‍ജന്‍സി റെസ്പോണ്‍സ് പ്രോഗ്രാമിലൂടെ 750 മില്യണ്‍ യുഎസ് ഡോളറിന്റെ ധനസഹായം ലോകബാങ്ക്‌ അംഗീകരിച്ചിരുന്നു.

'ഇതുവരെയായി അഞ്ച് ദശലക്ഷം എംഎസ്എംഇകളാണ് ധനസഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചത്. ഇന്ന് 500 മില്ല്യണ്‍ യുഎസ് ഡോളറിന്റെ വായ്പാ പദ്ധതി കൂടി അംഗീകരിച്ചതോടെ ഇന്ത്യയിലെ എംഎസ്എംഇകളുടെ ഉല്‍പ്പാദനക്ഷമതയും സാമ്പത്തിക ഭദ്രതയും മെച്ചപ്പെടുത്തുന്നതിനുള്ള ലോക ബാങ്കിന്റെ ഒരു വര്‍ഷത്തിനിടെയുള്ള ധനസഹായം 1.25 ബില്യണ്‍ യുഎസ് ഡോളറാണ്,'' പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് എംഎസ്എംഇ മേഖല. ഇന്ത്യയുടെ ജിഡിപിയുടെ 30 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും ഈ മേഖലയാണ് സംഭാവന ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലെ 58 ദശലക്ഷം എംഎസ്എംഇകളില്‍ 40 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ക്കും ധനസമാഹരണത്തിനുള്ള സഹായം ലഭിക്കുന്നില്ല.
ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡവലപ്‌മെന്റിന്റെ (ഐ ബി ആര്‍ ഡി) 500 മില്ല്യണ്‍ യുഎസ് ഡോളര്‍ വായ്പയ്ക്ക് 5.5 വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 18.5 വര്‍ഷം കാലാവധിയുണ്ട്.


Tags:    

Similar News