നീരവ് മോദി തട്ടിപ്പ് : ജോയ് ആലുക്കാസ് ഐ പി ഒ ഇപ്പോഴില്ല

Update: 2018-05-02 08:58 GMT

നീരവ് മോദി തട്ടിപ്പിനു ശേഷം ഇന്ത്യന്‍ വിപണിയിലുണ്ടായ ആശങ്ക ജെം ആന്‍ഡ് ജ്വല്ലറി മേഖലയെ പ്രതിരോധത്തിലായിരിക്കുകയാണ് .

നിക്ഷേപകര്‍ ജാഗ്രതയോടെയാണ് വിപണിയെ വീക്ഷിക്കുന്നത് . മാറിയ സാഹചര്യത്തില്‍ പ്രമുഖ ജ്വല്ലറികളെല്ലാം തന്നെ കരുതലോടെയാണ് മുന്നോട്ടു നീങ്ങുന്നത്.

പ്രമുഖ ജ്വല്ലറി ശൃംഖലയായ ജോയ് ആലുക്കാസ് ഗ്രൂപ്പ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) യിലൂടെ മൂലധനം സമാഹരിക്കുവാനുള്ള പദ്ധതി താത്കാലികമായി നീട്ടി വെച്ചിരിക്കുന്നുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഏകദേശം 650 കോടി രൂപയോളം സമാഹരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. മെയ് അവസാനത്തോട് കൂടി ഐപിഒ ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും കുറച്ചു കൂടി കാത്തിരിക്കാനാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാവുകയുള്ളു എന്നാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് സി ഇ ഒ ബേബി ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് .

13,000 കോടിയുടെ തട്ടിപ്പിന് ശേഷം നിക്ഷേപകരുടെ മനോഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് മലബാര്‍ ഗോള്‍ഡ് ഇന്ത്യന്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍ പറയുന്നത്. മാര്‍ക്കറ്റ് അന്തരീക്ഷം ഇപ്പോള്‍ അനുകൂലമല്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

നീരവ് മോദി സംഭവത്തിനു ശേഷം ജ്വല്ലറി മേഖലയിലേക്കുള്ള ഫണ്ടിംഗ് ദുഷ്‌ക്കരമായിരിക്കുക്കയാണ്. വളരെ കര്‍ശനമായ ഓഡിറ്റിംഗും ഈ മേഖലയ്ക്കു നേരിടേണ്ടി വരുന്നു.

Similar News