മുകേഷ് അംബാനിയുടെ മൂന്ന് മക്കളും റിലയന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക്; ശമ്പളമില്ല

നിയമനത്തിന് ഓഹരി ഉടമകളുടെ അനുമതി തേടും

Update: 2023-09-27 09:53 GMT

ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മൂന്ന് മക്കളും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക്. മൂവരുടേയും നിയമനത്തിന് അനുമതി തേടി ഡയറക്ടര്‍ ബോര്‍ഡിന് അപേക്ഷ നല്‍കി. ശമ്പളം ആവശ്യമില്ലെന്നും ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് മാത്രം മതിയെന്നുമാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

 31കാരായ ആകാശും ഇഷയും കൂടാതെ 28കാരനായ ആനന്ദുമാണ് ബോര്‍ഡിലേക്ക് എത്തുക. മൂവരുടെയും നിയമനം ഡയറക്ടര്‍ ബോര്‍ഡ് പരിഗണിക്കും. മൂന്ന് പേര്‍ക്കും ശമ്പളമുണ്ടാകില്ല. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് മാത്രമാകും ഇവര്‍ വാങ്ങുക. കമ്പനിയുടെ ലാഭത്തിന്റെ കമ്മിഷനും ഇവര്‍ക്ക് ലഭിക്കും. 
പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ നിയമനത്തിന് അംഗീകാരം തേടി ഓഹരിയുടമകള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയച്ചിട്ടുണ്ട് റിലയന്‍സ്.
നിത അംബാനിക്ക് ലഭിച്ചത് 2.06 കോടി രൂപ
2014ല്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ ബോര്‍ഡിലേക്ക് നിയമിച്ചപ്പോഴും ഇതേ നിബന്ധനകള്‍ തന്നെയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നിത അംബാനിക്ക് സിറ്റിംഗ് ഫീസായി 6 ലക്ഷം രൂപയും കമ്മീഷനായി രണ്ട് കോടി രൂപയും നല്‍കിയതായി കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മുകേഷ് അംബാനിയാകട്ടെ 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ ശമ്പളം വാങ്ങിയിട്ടില്ല. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരും ബന്ധുക്കളുമായ നിഖില്‍, ഹിതാല്‍ എന്നിവര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കമ്മീഷനും നല്‍കുന്നുണ്ട്.

ഇനി യുവ തലമുറയുടെ കരുത്തിൽ 
കഴിഞ്ഞമാസം നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് അംബാനി മൂന്നു മക്കളേയും റിലയന്‍സിന്റെ ബോര്‍ഡിലേക്ക് കൊണ്ടുവരുന്നതായി പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി ചെയര്‍മാനും സി.ഇ.ഒയുമായി 66കാരനായ മുകേഷ് അംബാനി തുടരുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതു തലമുറയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക. 

നിലവില്‍ റിലയന്‍സ് റീറ്റെയ്‌ലിന്റെ ചുമതല ഇഷ അംബാനിക്കാണ്. ടെലികോം ബിസിനസായ ജിയോയുടെ സി.ഇ.ഒ ആകാശാണ്. എനര്‍ജി ബിസിനസിന്റെ മേല്‍നോട്ടമാണ് ആനന്ദ് വഹിക്കുന്നത്.

Tags:    

Similar News