ഓലയ്ക്ക് അടുത്ത 'ഷോക്ക്'; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് എതിരെ കാരണം കാണിക്കണം

ഓഹരികള്‍ ഇന്ന് ആറ് ശതമാനത്തിലധികം ഇടിഞ്ഞു

Update:2024-10-08 14:39 IST

Bhavish Aggarwal /Image Courtesy: Insta

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക്കിന് വീണ്ടും തിരിച്ചടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്നും അന്യായമായ വ്യാപാര രീതി പിന്തുടര്‍ന്നുവെന്നും കാണിച്ച് കേന്ദ്ര ഉപയോക്തൃ സംരക്ഷണ അതോറിറ്റിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതായി ഓല സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

തുടര്‍ന്ന് കമ്പനിയുടെ ഓഹരികളിന്ന് 6.17 ശതമാനം വരെ ഇടിഞ്ഞു. ഓഹരി വിപണി തുടര്‍ച്ചയായ വീഴ്ചകളില്‍ നിന്ന് തിരിച്ചു കയറി സമയത്താണ് ഓലയ്ക്ക് പുതിയ പ്രഹരം. 15 ദിവസത്തിനുള്ളില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണം. എന്നാല്‍, കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളെയോ പ്രവര്‍ത്തനത്തെയോ നോട്ടീസ് ബാധിക്കില്ലെന്നാണ് ഓല വ്യക്തമാക്കിയിരിക്കുന്നത്.

തട്ട് കിട്ടുന്നത് ഓഹരിക്ക്

ഇന്നലെയും ഓല ഓഹരികളില്‍ എട്ട് ശതമാനത്തോളം ഇടിവ് സംഭവിച്ചിരുന്നു. കമ്പനിയുടെ സര്‍വീസ് മോശമാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നതാണ് ഇന്നലെ ഓലയ്ക്ക് വിനയായത്. ഇതിനെതിരെ ഓല സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ സംയമനം പാലിക്കാതെ പ്രതികരിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തിരുന്നു. സ്റ്റാന്‍ഡപ് കൊമേഡിയനായ കുനാല്‍ കമ്രയാണ് ഓലയുടെ സര്‍വീസ് മോശമാണെന്ന തരത്തിലുള്ള പോസ്റ്റ് ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെ വലിയ ചര്‍ച്ചകളും നടന്നു.
നിര്‍മാണ പ്രശ്‌നങ്ങള്‍, ബുക്കിംഗ് കാന്‍സല്‍ ചെയ്താല്‍ റീഫണ്ട് നല്‍കാത്തത്, സര്‍വീസിംഗിന് ശേഷവും തുടരുന്ന സാങ്കേതിക തകരാറുകള്‍ തുടങ്ങിയ നിരവധി പരാതികള്‍ ഓല വാഹനങ്ങള്‍ക്കെതിരെയുണ്ട്. നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്‌ലൈനില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 2023 സെപ്റ്റംബറിനും 2024 ഓഗസ്റ്റിനും ഇടയില്‍ 10,644 പരാതികളാണ് ലഭിച്ചത്.
സര്‍വീസില്‍ കാലതാമസം, വിതരണത്തിന്റെ പോരായ്മകള്‍, സര്‍വീസ് സ്റ്റാന്‍ഡേര്‍ഡ് പാലിക്കുന്നില്ല തുടങ്ങിയവയാണ് പരാതിയിലേറെയും.

മോശം വളര്‍ച്ച

2024ല്‍ മികച്ച വില്‍പ്പന വളര്‍ച്ചയോടെയാണ് കമ്പനി തുടക്കം കുറിച്ചത്. പക്ഷെ, പിന്നീട് കാലിടറി. ജൂലൈയില്‍ 40,814 വാഹനങ്ങള്‍ വിറ്റ ഓലയ്ക്ക് ഓഗസ്റ്റില്‍ 26,928 വാഹനങ്ങളും സെപ്റ്റംബറില്‍ 23,956 വാഹനങ്ങളും മാത്രമാണ് വില്‍ക്കാനായത്. സെപ്റ്റംബറില്‍ കമ്പനിയുടെ വിപണി വിഹിതം 27 ശതമാനമായി കുറയുകയും ചെയ്തു. തുടര്‍ച്ചയായ സര്‍വീസ് പരാതികളെ തുടര്‍ന്ന് ഈ വര്‍ഷം അവസാനത്തോടെ 1,000 സര്‍വീസ് ഔട്ട്‌ലറ്റുകള്‍ തുറക്കുമെന്നും അതിവേഗ സര്‍വീസ് ഉറപ്പു വരുത്തുമെന്നും ഭവിഷ് അഗര്‍വാള്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പുതിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരിക്കുന്നത്.


Tags:    

Similar News