ഈ വിപണി ഇനിയും തിളങ്ങും

Update: 2018-01-24 11:15 GMT

ഉയര്‍ന്ന ജനസംഖ്യയും മികച്ച സാക്ഷരതയുമുള്ള കേരളം എന്നും ഒരു

ഉപഭോക്തൃ സംസ്ഥാനമായിരുന്നു. ഇവിടെ ഒരു റീറ്റെയ്ല്‍ വിപ്ലവം തുടങ്ങിയത് തൊണ്ണൂറുകളിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പുകളുടെ വരവോടെയാണ്.

അതിനു മുന്‍പ് സപ്ലൈകോ, മാവേലി സ്റ്റോറുകള്‍ പോലുള്ള സര്‍ക്കാര്‍ പദ്ധതികളിലൂടെ ഭക്ഷ്യ സുരക്ഷയാണ് കേരളം ഉറപ്പുവരുത്തിയതെങ്കില്‍ തൊണ്ണൂറുകളില്‍ രംഗം പാടെ മാറി. സ്വര്‍ണ്ണം വിപണി കീഴടക്കിയ നാളുകള്‍ ആണ് പിന്നീടുണ്ടായത്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, ഭീമ, ആലുക്കാസ്, ആലപ്പാട്ട്, കല്യാണ്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ ശക്തമായ ഉപഭോക്തൃ പിന്തുണയോടെ കൂടുതല്‍ സ്റ്റോറുകള്‍ തുടങ്ങി വിപണിയില്‍ ആധിപത്യം ഉറപ്പിച്ചു.

പിന്നീട്, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ ആകര്‍ഷകമായ ഓഫറുകളും മൂല്യ വര്‍ധിത സേവനവും മറ്റുമായി പുതിയൊരു തരംഗം സൃഷ്ടിച്ചു. ഇതിനൊരു മറുവശവുമുണ്ട്. ചെറുകിട സംരംഭകര്‍ പലരും ഈ രംഗത്ത് നിന്ന് അപ്രത്യക്ഷരായി.

വരാനിരിക്കുന്ന മാറ്റങ്ങള്‍

ആദ്യകാലത്ത് സ്വര്‍ണം സപ്ലൈ ചെയ്തിരുന്നത് വ്യക്തികളാണ്. വളരെ പരിമിതമായിരുന്നു ഡിസൈനുകള്‍. സ്വര്‍ണക്കടകള്‍ വര്‍ധിച്ചപ്പോള്‍ കൊല്‍ക്കൊത്ത, രാജസ്ഥാന്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിസൈനുകള്‍ക്ക് ആവശ്യക്കാര്‍ ഏറി. മധ്യവര്‍ഗത്തോടൊപ്പം താഴേക്കിടയിലുള്ളവരും സ്വര്‍ണ്ണവും ഡയമണ്ട് പോലുള്ള രത്‌നങ്ങളും ഓഫറുകളിലൂടെയും തവണ വ്യവസ്ഥകളിലൂടെയും വാങ്ങാനും തുടങ്ങി. പ്രമുഖ ജൂവല്‍റികള്‍ ബി ഐ എസ് ഹാള്‍മാര്‍ക്ക് മുദ്രയുള്ള ആഭരണങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയതോടെ ഗുണമേന്മയും ഉറപ്പായി. ഇന്ത്യക്കാര്‍ സ്വര്‍ണ്ണത്തിനു വൈകാരികമായ മൂല്യമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യരുള്ള കാലത്തോളം സ്വര്‍ണ്ണത്തിന്റെ പ്രാധാന്യം നിലനില്‍ക്കും.

ജിഎസ്ടി ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാണ്. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് ഉറപ്പായും വാങ്ങണം. കാരണം ഭാവിയില്‍ ഇത് കൈമാറ്റം ചെയ്യുമ്പോള്‍ ബില്‍ ആവശ്യമാണ്, നിങ്ങളുടെ ഉടമസ്ഥാവകാശം അത് ഉറപ്പിക്കുകയും ചെയ്യും. സ്വര്‍ണ്ണത്തിനു ഇപ്പോള്‍ ലോക കറന്‍സിയുടെ സ്റ്റാറ്റസാണ്. അതുകൊണ്ട് ഈ രംഗത്തിന്റെ ഭാവിയും തിളക്കമേറിയത് തന്നെ.

സംരംഭകര്‍ എന്ത് ചെയ്യണം?

വിജയത്തിലേക്ക് ഒരു കുറുക്കുവഴിയുമില്ല. ഇന്ന് നേട്ടങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ നിങ്ങളുടെ പ്രയത്‌നവും കഴിവുകളും മികച്ചതാക്കണം. വെല്ലുവിളികളെ നേരിടാന്‍ എപ്പോഴും തയാറായിരിക്കുക, കഠിനാധ്വാനത്തോടൊപ്പം സത്യസന്ധത, സുതാര്യത, ആത്മാര്‍ഥത എന്നീ മൂല്യങ്ങളും വളരെ പ്രധാനമാണ് എന്നോര്‍ക്കണം, എപ്പോഴും.

Similar News