ഒഎന്‍ഡിസിയുടെ ആദ്യ ദിനം 151 ഓര്‍ഡറുകള്‍
യുപിഐ സേവനങ്ങള്‍ പോലെ ഏതൊരു പ്ലാറ്റ്‌ഫോമിൽ നിന്നും ഉപയോഗിക്കാനാവുന്ന ഇ-കൊമേഴ്സ് നെറ്റ്‌വർക്ക് ആണ് ഒഎന്‍ഡിസി
ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിന്റെ (ONDC) ബീറ്റ വേര്‍ഷന്‍ ബംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങി. പേയ്ടിഎം, ഐഡിഎഫ്‌സി ബാങ്ക്, സ്‌പൈസ് മണി, മൈസ്റ്റോര്‍ എന്നിങ്ങനെ നാല് buyer ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാം. സെപ്റ്റംബര്‍ 30ന് ആരംഭിച്ച സേവനത്തിന്റെ ആദ്യ ദിവസം 151 ഓര്‍ഡറുകളാണ് ലഭിച്ചത്.
ഗ്രോസറി ഷോപ്പുകളെയും റെസ്റ്റോറന്റുകളെയുമാണ് ആദ്യഘട്ടത്തില്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കിയിരിക്കുന്നത്. ആദ്യ ദിവസം ലഭിച്ച 55 ശതമാനം ഓര്‍ഡറുകളും ഗ്രോസറി സാധനങ്ങള്‍ക്ക് വേണ്ടിയുള്ളവ ആയിരുന്നു. 151ല്‍ 59 എണ്ണത്തിന്റെ ഡെലിവറി പൂര്‍ത്തിയാക്കി. 88 സാധനങ്ങളും പേയ്ടിഎം പ്ലാറ്റ്‌ഫോമിലൂടെയാണ് വിറ്റത്. തുടക്കത്തില്‍ ബംഗളൂരുവിലെ 16 പിന്‍ നമ്പറുകളിലാണ് ഡെലിവറി. Bizom, digiit, e-Samudaay, eVitalrx, Go Frugal, Growth Falcons, Innobits Mystore, nStore, SellerApps, Ushop, Uengage എന്നീ സെല്ലര്‍ ആപ്പുകളിലൂടെ ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിന്റെ ഭാഗമാവാം.
എന്താണ് ഒഎന്‍ഡിസി (What is ONDC) ?
യുപിഐ (UPI) സേവനങ്ങള്‍ ഉപയോഗിക്കും പോലെ ഏതൊരു പ്ലാറ്റ്ഫോമില്‍ നിന്നും ഉപയോഗിക്കാനാവുന്ന ഇ-കൊമേഴ്സ് നെറ്റ്വര്‍ക്ക് ആണ് ഒഎന്‍ഡിസി. ആപ്ലിക്കേഷന്‍ ഏതായാലും ഉപഭോക്താക്കള്‍ക്ക് ഒഎന്‍ഡിസി നെറ്റ്വര്‍ക്കിലെ വില്‍പ്പനക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. ഒരു ഇ-കൊമേഴ്‌സ് (E- Commerce Company) കമ്പനികളുടെയും സഹായമില്ലാതെ തന്നെ ഒഎന്‍ഡിസിയിലൂടെ വലിയ നെറ്റ്വര്‍ക്കിന്റെ ഭാഗമാകാമെന്നതാണ് ചെറുകിട സംരംഭകരെ സംബന്ധിച്ചുള്ള നേട്ടം.
കൂടുതല്‍ സേവനങ്ങള്‍ വിവിധ വില നിലവാരത്തില്‍ ലഭിക്കുമെന്നതാണ് ഒന്‍ഡിസി പ്ലാറ്റ്ഫോം കൊണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണം. പ്രാദേശിക തലത്തില്‍ ചെറുകിട കച്ചവടക്കാര്‍ ഒഎന്‍ഡിസിയുടെ ഭാഗമാവുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ ഡെലിവറിയും സാധ്യമാവും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് വമ്പന്‍ ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന മത്സരം നേരിടാന്‍ ചെറുകിട കച്ചവടക്കാരെ പ്ലാറ്റ്‌ഫോം പ്രാപ്തരാക്കും എന്നാണ് വിലയിരുത്തല്‍.